National

ജഹാംഗീർ പുരി സംഘർഷം; മുഖ്യപ്രതിക്കെതിരെ ആയുധ നിയമപ്രകാരം കേസ്

ഡൽഹി ജഹാംഗീർ പുരിയിലെ സംഘർഷത്തിനിടെ വെടിയുതിർത്തെന്ന് ആരോപണമുയർന്ന മുഖ്യപ്രതി സോനു ചിക്ന എന്ന യൂനുസിനെതിരെ ആയുധ നിയമ പ്രകാരം കേസെടുത്ത് ഡൽഹി പൊലീസ്. സംഘർഷത്തിനിടെ വെടിയുതിർത്തതായി സോനു സമ്മതിച്ചു. പ്രതിയുടെ പക്കൽ നിന്ന് തോക്ക് കണ്ടെത്തിയെന്നും ഡൽഹി പൊലീസ് അറിയിച്ചു. സംഘർഷത്തിനിടെ കുപ്പികൾ എറിയാൻ ഒത്താശ ചെയ്‌തെന്ന ആരോപണത്തിൽ ആക്രി കച്ചവടക്കാരനായ ഷേഖ് ഹമീദിനെ പൊലീസ് അറസ്റ്റ് ചെയ്തു.

അതേസമയം, സമാധാനത്തിന് ആഹ്വാനം ചെയ്ത് ജഹാംഗീർ പുരിയിൽ സമുദായ-പൊലീസ് സംഘം സംയുക്‌ത ശാന്തി മാർച്ച് നടത്തി. ശനിയാഴ്ച ഹനുമാൻ ജയന്തി ഘോഷയാത്രക്കിടെയുണ്ടായ സംഘർഷത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി ആരോപിച്ചു.

ഡൽഹിയിലെ ജഹാംഗീർ പുരിയിലാണ് ഹനുമാൻ ജയന്തി ആഘോഷത്തിനിടെ സംഘർഷം ഉണ്ടായത്. ഒരു പൊലീസുകാരന് പരുക്കേറ്റിട്ടുണ്ട്. നിരവധി വാഹനങ്ങൾ തകർത്തതായും കല്ലേറ് നടന്നതായുമാണ് റിപ്പോർട്ട്. ജഹാംഗീർപുരിയിൽ വൻ പൊലീസ് സന്നാഹത്തെ സുരക്ഷയ്ക്കായി സജ്ജമാക്കി.