National

ചരിത്രം പിറന്നു; ആദിത്യ L1 വിജയം; വിജയ വാർത്ത അറിയിച്ച് പ്രധാനമന്ത്രി


ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ1 ലക്ഷ്യസ്ഥാനത്തെത്തി. ലിഗ്രാഞ്ച് പോയിന്റ് വണ്ണിൽ ആദ്യത്യയെ വിജയകരമായി എത്തിച്ചതായി ഐഎസ്ആർഒ സ്ഥിരീകരിച്ചു. 127 ദിവസവും 15 ലക്ഷം കിലോമീറ്ററും നീണ്ട യാത്ര പൂർത്തിയാക്കിയാണ് ആദിത്യ എൽ1 ലക്ഷ്യസ്ഥാനത്തെത്തുന്നത്. ഇതോടെ, ഇന്ത്യയുടെ പ്രഥമ സൗരദൗത്യമാണ് വിജയകരമായി ലക്ഷ്യസ്ഥാനത്ത് എത്തിയിരിക്കുന്നത്.

വിജയത്തിന് ആശംസയറിയിച്ച് പ്രധാനമന്ത്രി. ഗംഭീര ചുവടുവെപ്പിന് അഭിനന്ദനം എന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. ഇന്ത്യ മറ്റൊരു നാഴികക്കല്ല് പിന്നിട്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പേടകത്തിലെ പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തില്‍ 440 ന്യൂട്ടണ്‍ ലിക്വിഡ് അപ്പോജി മോട്ടോര്‍ (എല്‍.എ.എം) എന്‍ജിനും എട്ട് 22 ന്യൂട്ടണ്‍ ത്രസ്റ്ററുകളുമാണുള്ളത്.ഇവ ജ്വലിപ്പിച്ചാണ് പേടകത്തെ ഭ്രമണപഥത്തിലേക്കെത്തിച്ചത്.

സൂര്യന്റെ ബാഹ്യഭാഗത്തെ താപവ്യതിയാനങ്ങള്‍, പ്രഭാമണ്ഡലം, വര്‍ണമണ്ഡലം, കൊറോണ തുടങ്ങിയ പാളികള്‍, ബഹിരാകാശ കാലാവസ്ഥാ വ്യതിയാനങ്ങള്‍ എന്നിവയെ കുറിച്ചുള്ള പഠനം ലക്ഷ്യമാക്കി 2023 സെപ്റ്റംബര്‍ രണ്ടിനാണ് രാജ്യത്തിന്റെ പ്രഥമ സൗരദൗത്യമായി ആദിത്യ എല്‍-1 വിക്ഷേപിച്ചത്.