National

‘സംസ്‌കാരങ്ങളുടെയും മതങ്ങളുടെയും സംഗമഭൂമിയാണ് ഇന്ത്യ’; ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

തീവ്രവാദം ഒരു മതവുമായും ബന്ധപ്പെട്ടതല്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഇന്ത്യൻ മുസ്ലീം ജനസംഖ്യ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷനിലെ 33 അംഗ രാജ്യങ്ങൾക്ക് തുല്യമാണെന്നും ഡോവൽ. ഇസ്ലാമിക് കൾച്ചറൽ സെന്ററിൽ സൗദി നീതിന്യായ മന്ത്രിയുമായും മുസ്ലീം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൾകരീം അൽ ഈസ പങ്കെടുത്ത ചടങ്ങിലാണ് ഡോവലിന്റെ പരാമർശം.

ഇന്ത്യ നൂറ്റാണ്ടുകളായി ഐക്യത്തോടെ നിലനിൽക്കുന്ന സംസ്‌കാരങ്ങളുടെയും മതങ്ങളുടെയും സംഗമഭൂമിയാണ്. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്നും ജനാധിപത്യത്തിന്റെ മാതാവാണെന്നും ഡോവൽ പറഞ്ഞു. രാജ്യത്ത് ഇസ്‌ലാമിന് സവിശേഷമായ സ്ഥാനമാണുള്ളത്. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ മുസ്ലീം ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷനിലെ 33 അംഗരാജ്യങ്ങളുടെ മൊത്തം ജനസംഖ്യയുടെ ഏതാണ്ട് തുല്യമാണ് ഇന്ത്യൻ മുസ്‌ലിം ജനസംഖ്യയെന്നും അദ്ദേഹം അവകാശപ്പെട്ടു.

തീവ്രവാദം ഒരു മതവുമായും ബന്ധപ്പെട്ടതല്ലെന്ന് പറഞ്ഞ ഡോവൽ, ആഗോള ഭീകരതയിൽ ഇന്ത്യൻ പൗരന്മാരുടെ പങ്കാളിത്തം വളരെ കുറവാണെന്നും എടുത്തുപറഞ്ഞു. ഭീകരവാദത്തെ തകർക്കാൻ ശക്തമായ നിലപാട് സ്വീകരിക്കുന്ന രാജ്യമാണ് ഇന്ത്യ. സാംസ്കാരിക മൂല്യങ്ങളിൽ മുറുക്കെ പിടിക്കുന്ന രാജ്യങ്ങൾ എന്ന നിലയിൽ സൗദി അറേബ്യയുമായുള്ള ബന്ധത്തിൽ ഇന്ത്യ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.