National

സുപ്രധാനമായ 7 ധാരണാപത്രങ്ങളിൽ ഒപ്പ് വച്ച് ഇന്ത്യയും ബംഗ്ലാദേശും

സുപ്രധാനമായ 7 ധാരണാപത്രങ്ങളിൽ ഒപ്പ് വച്ച് ഇന്ത്യയും ബംഗ്ലാദേശും. കുഷിയാര നദിയിലെ ജലം പങ്കിടുന്നതും റെയിൽ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതും അടക്കമുള്ള ധാരണാപത്രങ്ങളിലാണ് ഇരു രാജ്യങ്ങളും ഒപ്പു വച്ചത്. ഒരുമിച്ച് പ്രപർത്തിക്കാനും കൂടുതൽ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കാനും ഇരു രാജ്യങ്ങളും തിരുമാനിച്ചതായി സംയുക്ത പ്രസ്താവനയിൽ രണ്ട് പ്രധാനമന്ത്രിമാരും അവകാശപ്പെട്ടു.

രാവിലെ രാഷ്ട്രപതി ഭവനിലെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രിക്ക് ആചാരപരമായ സ്വീകരണമാണ് നൽകിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഷേയ്ക്ക് ഹസിന കൂടിക്കാഴ്ച ഹൈദരാബാദ് ഹൗസിലായിരുന്നു. കുഷിയാര നദിയുടെ ജലം പങ്കിടുന്നത് സംബന്ധിച്ച ചർച്ചകൾ പൂർത്തിയാക്കി ഇരു രാജ്യങ്ങളും ധാരണ പത്രങ്ങളിൽ ഒപ്പിട്ടു. റെയിൽ വേ, ബഹിരാകാശ, ഐ.ടി മേഖലകളിലും ഇരു രാജ്യങ്ങളും കൂടുതൽ സഹകരിച്ച് പ്രവർത്തിക്കും.

ഇന്ത്യ – ബംഗ്ലാദേശ് പവർ ട്രാൻസ്മിഷൻ ലൈനുകളെ കുറിച്ചുള്ള ചർച്ചയും ഇരു പ്രധാനമന്ത്രിമാരും നടത്തി. ബംഗ്ലാദേശിലെ വെള്ളപ്പൊക്കം, തീവ്രവാദം, ഉഭയകക്ഷി ബന്ധം, പ്രാദേശിക, അന്തർദേശീയ വിഷയങ്ങൾ മുതലായയിലും ആശയ വിനിമയം നടന്നു.

നാല് ദിവസത്തെ സന്ദർശനത്തിനാണ് ഷേയ്ക്ക് ഹസീന ഇന്ത്യയിൽ എത്തിയത്. ബംഗ്ലാദേശ് പ്രധാനമന്ത്രി അജ്മീറും സന്ദർശിക്കും.