National

വെടിയേറ്റിട്ടും രാജ്യത്തിനായി പൊരുതി; ജമ്മു കശ്മീരിൽ തീവ്രവാദികളോട് പോരാടുന്നതിനിടെ പരിക്കേറ്റ ‘സൂം’ ചികിത്സയിൽ

ജമ്മു കശ്മീരിൽ ഭീകരരുമായി പോരാടുന്നതിനിടെ ഇന്ത്യൻ സൈന്യത്തിന്റെ സൂം എന്ന നായയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സൂം ഇപ്പോൾ ശ്രീനഗറിലെ ആർമി വെറ്ററിനറി ആശുപത്രിയിൽ ചികിത്സയിലാണ്. ജമ്മു കശ്മീരിലെ അനന്ത്നാഗ് തങ്പാവയിൽ ഞായറാഴ്ച സേന ഭീകരർക്കെതിരെ നടത്തിയ സൈനിക നടപടിക്കിടെയാണു ‘സൂം’ രണ്ട് ലഷ്കർ ഭീകരരെ നേരിട്ടത്. വെടിയേറ്റിട്ടും ധീരമായി പോരാടുകയായിരുന്നു സൂം.

ഭീകരർ ഒളിച്ചിരുന്ന വീട്ടിലേക്ക് ഇരച്ചുകയറിയ ആർമിയുടെ നായ അവരെ ആക്രമിക്കുകയായിരുന്നു. രണ്ട് തവണ വെടിയേറ്റിട്ടും സൂം ഭീകരരുമായി പോരാടി. പിന്നീട് ആർമി എത്തി ഭീകരരെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. കശ്മീരിലെ ഒട്ടേറെ സേനാ ദൗത്യങ്ങളിൽ സൂം പങ്കെടുത്തിട്ടുണ്ട്.

സൂം വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് കശ്മീരിലെ സേനാ വിഭാഗമായ ചിനാർ കോർപ്സ് ട്വിറ്ററിൽ കുറിച്ചു. ഭീകരരെ നേരിടുന്നതിനിടെ ഓപ്പറേഷനിൽ ഗുരുതരമായി പരിക്കേറ്റ സൂം എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന അടിക്കുറിപ്പോടെയാണ്‌ ട്വീറ്റ് ചെയ്തിരിക്കുന്നത്. ശ്രീനഗർ ആർമി വെറ്റ് ഹോസ്‌പിൽ ചികിത്സയിലാണ്. നിരവധി പേർ സൂമിന് ആശംസകളുമായി രംഗത്തെത്തി. സൂമിന്റെ പരിശീലന സെഷനുകളുടെയും അവന്റെ കഴിവുകളുടെയും ദൃശ്യങ്ങൾ ഉള്ള വീഡിയോയും ട്വിറ്ററിൽ പങ്കിട്ടുണ്ട്.