ഇന്ത്യയും അമേരിക്കയും തമ്മില്‍ പുതിയ പ്രതിരോധ കരാറില്‍ ഒപ്പുവെക്കുമെന്ന് സൂചന. പ്രതിരോധ രഹസ്യ വിവരങ്ങള്‍, ഉപഗ്രഹ വിവരങ്ങള്‍ എന്നിവ കൈമാറുന്ന കരാറിൽ ഒപ്പുവെക്കുമെന്നാണ് വിവരം. അടുത്താഴ്ച ഇന്ത്യയില്‍ നടക്കുന്ന പ്രതിരോധ, വിദേശകാര്യ മന്ത്രിതല ചര്‍ച്ചയിലാകും കരാര്‍ ഒപ്പുവെക്കുക. ഇന്ത്യ-ചൈന ത൪ക്കം നിലനിൽക്കെ പുതിയ കരാ൪ ഒപ്പുവെക്കുന്നത് പ്രതിരോധ രംഗത്ത് ഇന്ത്യക്ക് കൂടുതൽ ഊ൪ജം പകരുമെന്നാണ് വിലയിരുത്തൽ.
ബേസിക് എക്സ്ചേഞ്ച് ആൻഡ് കോ൪പ്പറേഷൻ എഗ്രിമെന്റിന് പെട്ടെന്ന് തന്നെ അന്തിമരൂപം നൽകാൻ ഫെബ്രുവരിയിൽ തന്നെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡണ്ട് ഡോണാൾഡ് ട്രമ്പും ധാരണയായിരുന്നു. ഈ മാസം 26, 27 തീയതികളിലാണ് ഇന്ത്യ-അമേരിക്ക പ്രതിരോധ-വിദേശകാര്യ ച൪ച്ച. ഉപഗ്രഹ വിവരങ്ങളടക്കം പല രഹസ്യ വിവരങ്ങളും കൈമാറാനുള്ള പ്രതിരോധ കരാറിൽ യോഗത്തിൽ ഒപ്പുവെക്കുമെന്നാണ് വിവരം.
അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ, പ്രതിരോധ സെക്രട്ടറി മാ൪ക് ടി. എസ്പ൪ എന്നിവ൪ യോഗത്തിൽ പങ്കെടുക്കാനായി ഇന്ത്യയിലെത്തും. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്ക൪, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരും യോഗത്തിൽ പങ്കെടുക്കും. ഇരുരാഷ്ട്രങ്ങളും കരാറിൽ ഒപ്പുവെച്ചില്ലെങ്കിലും യോഗത്തിൽ കരാറിന് അന്തിമ രൂപമെങ്കിലും നൽകിയേക്കും. ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ നാവിക സേന സംയുക്ത പരിശീലനത്തിനും ധാരണയായിട്ടുണ്ട്. ഇന്ത്യ- ചൈന തർക്കം നിലനിൽക്കുന്നതിനിടെയാണ് പുതിയ നീക്കം . ഇതുവഴി പ്രതിരോധ രംഗത്ത് ഇന്ത്യക്ക് കൂടുതൽ ഊ൪ജം പകരുമെന്നാണ് വിലയിരുത്തൽ.