National

142.86 കോടി ജനങ്ങള്‍; ലോക ജനസംഖ്യയിൽ ചൈനയെ മറികടക്കാൻ ഇന്ത്യ

ഈ വര്‍ഷം പകുതിയോടെ ചൈനയെ മറികടന്ന് ഇന്ത്യ ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി മാറുമെന്ന് റിപ്പോര്‍ട്ട്. 2023 പകുതിയോടെ ഇന്ത്യയിലെ ജനസംഖ്യ 142.86 കോടി ആകുമെന്നാണ് യുണൈറ്റഡ് നേഷന്‍സ്‌ പോപുലേഷന്‍ ഫണ്ടിന്റെ ഏറ്റവും പുതിയ ഡാറ്റയില്‍ പറയുന്നത്.

142.57 കോടിയാണ് ചൈനയിലെ ജനസംഖ്യയെന്നും ഇതില്‍ പറയുന്നു. 2022-ല്‍ 144.85 കോടിയായിരുന്നു ജനസംഖ്യ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യയിലെ ജനസംഖ്യയില്‍ 1.56 ശതമാനം വളര്‍ച്ചയുണ്ട്. 2022ല്‍ ഇന്ത്യയിലെ ജനസംഖ്യ 140.66 കോടി ആയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യന്‍ ജനസംഖ്യയുടെ മൂന്നില്‍ രണ്ടും 15നും64 നും ഇടയിലുള്ളവരാണെന്നും യുഎന്‍ റിപ്പോർട്ടിൽ പറയുന്നു. ശരാശരി ആയുർദൈർഘ്യം പുരുഷന്മാർക്ക് 71 ഉം സ്ത്രീകൾക്ക് 74 ഉം ആണെന്നും കണക്ക് ചൂണ്ടിക്കാണിക്കുന്നു.