National

1990 ല്‍ 59.6 വയസ്സ്, ഇപ്പോള്‍ 70.8 വയസ്സ്: ഇന്ത്യയിലെ ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചതായി പഠനം

1990 ന് ശേഷം ഇന്ത്യയിലെ ജനങ്ങളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചതായി പഠനം. എന്നാല്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ ഇതില്‍ പ്രകടമായ വ്യത്യാസമുണ്ട്. ലോകമെങ്ങുമുള്ള 200ലേറെ രാജ്യങ്ങളിലാണ് പഠനം നടത്തിയത്. 369തരം രോഗങ്ങളും 286 മരണകാരണങ്ങളും മുന്‍നിര്‍ത്തിയായിരുന്നു പഠനം. പ്രമുഖ ശാസ്ത്ര ജേണലായ ലാന്‍സെറ്റ് ആണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.

ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യം 1990ല്‍, 59.6 വയസ്സായിരുന്നു. ഇത് 2019 ആയപ്പോള്‍ 70.8 വയസ്സായി മാറി. കേരളത്തില്‍ ഇത് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്, 77.3 വയസ്സ്. അതേസമയം ഉത്തര്‍പ്രദേശില്‍ ഇത് ദേശീയ നിരക്കിനേക്കാള്‍ താഴ്ന്ന് 66.9 വയസ്സുമാണെന്നും പഠനത്തില്‍ പറയുന്നു.

എന്നാല്‍, രാജ്യത്തെ ജനങ്ങള്‍ കൂടുതല്‍ കാലവും ജീവിക്കുന്നുണ്ടെങ്കില്‍ അത് രോഗങ്ങളും അവശതകളും പേറിയാണെന്ന് പറയുന്നു ഈ പഠനത്തില്‍ പങ്കെടുത്ത ഗവേഷകരില്‍ ഒരാളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്തിലെ ശ്രീനിവാസ് ഗോലി.

1990 ല്‍ 59.6 വയസ്സ്, ഇപ്പോള്‍ 70.8 വയസ്സ്: ഇന്ത്യയിലെ ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചതായി പഠനം

രക്തസമ്മര്‍ദ്ദം, പുകയില ഉപയോഗം, അന്തരീക്ഷ മലിനീകരണം തുടങ്ങിയ രോഗകാരണങ്ങളെയും രോഗങ്ങളുണ്ടാക്കുന്ന പ്രതിസന്ധിയെയും തടയുന്നതില്‍ പൊതുജനാരോഗ്യരംഗത്തുള്ള വീഴ്ചയാണ് ലോകമാകെയുള്ള ജനങ്ങളെ കോവിഡ് 19 പോലുള്ള മഹാമാരികളിലേക്ക് തള്ളിവിടുന്നതെന്നും ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നു.

പകര്‍ച്ചവ്യാധികളുടെ എണ്ണം കുറഞ്ഞു എന്നതാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ആരോഗ്യരംഗത്തുണ്ടായിട്ടുള്ള പ്രധാന പുരോഗതിയെന്ന് പറയുന്നു പഠനത്തില്‍ പങ്കെടുത്ത യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടണിലെ പ്രൊഫസര്‍ അലി മൊക്ദാദ്. ഇന്ത്യയില്‍ പ്രസവത്തെ തുടര്‍ന്നുള്ള മരണ നിരക്ക് വളരെ കൂടുതലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് കുറഞ്ഞു. ഹൃദയസംബന്ധിയായ അസുഖങ്ങള്‍ അഞ്ചാം സ്ഥാനത്തായിരുന്നു. അതിപ്പോള്‍ ഒന്നാം സ്ഥാനത്താണ്. കാന്‍സര്‍ രോഗങ്ങളും വല്ലാതെ കൂടിക്കൊണ്ടിരിക്കുന്നു -അദ്ദേഹം പറയുന്നു. ലോകമെങ്ങുമുള്ള മിക്ക രാജ്യങ്ങളും കൃത്യമായ ആരോഗ്യ ശ്രദ്ധയും രോഗപ്രതിരോധശേഷിയും വര്‍ധിപ്പിച്ചാണ് പല പകര്‍ച്ചവ്യാധികളെയും അകറ്റിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ചില രാജ്യങ്ങള്‍ ഇപ്പോഴും ഇക്കാര്യത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും മൊക്‍ദാദ് കൂട്ടിച്ചേര്‍ക്കുന്നു.

1990 ല്‍ 59.6 വയസ്സ്, ഇപ്പോള്‍ 70.8 വയസ്സ്: ഇന്ത്യയിലെ ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചതായി പഠനം

മാരകരോഗങ്ങളും അമിത വണ്ണം, പ്രമേഹം, വായുമലിനീകരണം എന്നിവയും കൂടി ആയതുകൊണ്ടാണ് കോവിഡ് 19 മൂലമുള്ള മരണനിരക്ക് കൂടിയതെന്നും പഠനം പറയുന്നു.

തെക്കനേഷ്യന്‍ രാജ്യങ്ങളിലെ അനാരോഗ്യത്തിനും മരണത്തിന് ഇപ്പോള്‍ കാരണമാകുന്നത് പകര്‍ച്ചവ്യാധികളല്ലാത്ത മരണങ്ങളാണ്. എന്നാല്‍ അതല്ലായിരുന്നു 30 വര്‍ഷം മുമ്പുള്ള അവസ്ഥ. അന്ന് ഇവിടങ്ങളിലെ കൂടിയ മരണനിരക്കിന് കാരണമായത് പകര്‍ച്ചാവ്യാധികളും മാതൃശിശു മരണങ്ങളും പോഷകക്കുറവ് മൂലമുള്ള രോഗങ്ങളുമായിരുന്നു. ഇന്ത്യയില്‍ ഇന്ന് മൊത്തം രോഗബാധിതരില്‍ 58 ശതമാനത്തിന്‍റെ അസുഖവും പകര്‍ച്ചവ്യാധികള്‍ മൂലമുള്ളതല്ല. 1990ല്‍ ഇത് 29 ശതമാനമായിരുന്നു. പകര്‍ച്ചാവ്യാധികള്‍ മൂലമല്ലാത്ത അകാല മരണങ്ങള്‍ 22 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ഇക്കാലയളില്‍ രാജ്യത്ത് വര്‍ധിക്കുകയും ചെയ്തു. ഇന്ത്യയില്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടെ കൂടുതല്‍ പേരുടേയും മരണത്തിനിടയാക്കിയത് ഹൃദ്രോഗം, പ്രമേഹം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങളാണെന്നും പഠനം പറയുന്നു.

2019ല്‍ രാജ്യത്തെ ജനങ്ങളുടെ മരണകാരണമായ അഞ്ചു പ്രശ്നങ്ങളെ വിദഗ്‍ധര്‍ കണ്ടെത്തിയിട്ടുണ്ട്. അതില്‍ മുന്നില്‍ അന്തരീക്ഷ മലിനീകരണമാണ്. രണ്ടാംസ്താനത്ത് രക്തസമ്മര്‍ദ്ദവും മൂന്നാംസ്ഥാനത്ത് പുകയില ഉപയോഗവുമാണ്. നാലും അഞ്ചും സ്ഥാനത്തുള്ള മരണകാരമായേക്കാവുന്ന പ്രശ്നങ്ങള്‍ അപര്യാപ്തമായ ഭക്ഷണവും പ്രമേഹവുമാണ്.