National

കൊവിഡ് കുറയുന്നു; രാജ്യത്ത് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 2,075 കേസുകള്‍

രാജ്യത്തെ കൊവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,075 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 4,30,04,005 ആയി. 71 പുതിയ കൊവിഡ് മരണങ്ങള്‍ കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 5,16,281 ആയി ഉയര്‍ന്നു.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.35 ശതമാനമായി കുറഞ്ഞു. അതേസമയം പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.42 ശതമാനമാണ്.24 മണിക്കൂറിനുള്ളില്‍ 1,106 കേസുകളുടെ കുറവ് സജീവ കൊവിഡ് കേസുകളില്‍ ഉണ്ടായി എന്നത് ആശ്വാസമാകുന്നുണ്ട്.

അതേസമയം കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവ് പരിധി മറികടക്കരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കി. രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് അനുവദിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശം. മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ കത്ത് കേന്ദ്ര ആരോഗ്യസെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് അയച്ചു.

വിദേശ രാജ്യങ്ങളിലെ കൊവിഡ് വ്യാപനം കണക്കിലെടുത്താകണം ഇളവുകളെന്ന് കേന്ദ്രം നിര്‍ദേശിച്ചു. രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ 5000-ന് താഴെയെത്തിയതോടെ കൊവിഡ് നിയന്ത്രണങ്ങളിലും നിരീക്ഷണത്തിലും പല സംസ്ഥാനങ്ങളും ഇളവുകള്‍ വരുത്തിയിരുന്നു. എന്നാല്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയാല്‍ അത് വീണ്ടും കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് കേന്ദ്രം ഓര്‍മിപ്പിച്ചു. കര്‍ശനമായ മേല്‍നോട്ടം ഈ ഘട്ടത്തിലും ആവശ്യമാണെന്ന് കത്തിലൂടെ കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി.

ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ് എന്നീ മൂന്ന് കാര്യങ്ങളില്‍ വിട്ടുവീഴ്ച നടത്തരുതെന്നാണ് കേന്ദ്രം നിര്‍ദേശിക്കുന്നത്. കൊവിഡ് പ്രതിരോധത്തിയി മാസ്‌ക്, സാമൂഹ്യഅകലം, സാനിറ്റൈസേഷന്‍ എന്നിവയും കൃത്യമായി പാലിക്കപ്പെടണം. ടെസ്റ്റുകള്‍ കുറയ്ക്കരുതെന്നും കേന്ദ്രം വ്യക്തമാക്കി.