National

ഇന്ത്യയില്‍ വരാനിരിക്കുന്നത് വലിയ ചൂടുകാലം; മനുഷ്യന് താങ്ങാനാകാത്ത താപതരംഗം പോലുമുണ്ടായേക്കാമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്

മനുഷ്യര്‍ക്ക് അതിജീവിക്കാന്‍ സാധിക്കുന്നതിനേക്കാള്‍ തീവ്രമായ താപതരംഗം ഇന്ത്യയില്‍ രൂപം കൊണ്ടേക്കാമെന്ന് ലോകബാങ്കിന്റെ വിലയിരുത്തല്‍. രാജ്യത്തെ ചൂട് കൂടിവരികയാണെന്നും ഉയര്‍ന്ന താപനില നീണ്ടുനില്‍ക്കുന്നതിന്റെ കാലയളവും വര്‍ധിച്ചുവരികയാണെന്നും ലോകബാങ്ക് വിലയിരുത്തി. ഇന്ത്യയുടെ കാലാവസ്ഥാ മേഖലയിലെ നിക്ഷേപ അവസരങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് ലോകബാങ്ക് ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കുന്നത്. 

മാര്‍ച്ച്, ഏപ്രില്‍ മാസത്തില്‍ രാജ്യത്ത് അനുഭവപ്പെട്ട ചൂടിന്റെ കാഠിന്യം ചൂണ്ടിക്കാട്ടിയാണ് ലോകബാങ്കിന്റെ മുന്നറിയിപ്പ്. ഏപ്രില്‍ മാസത്തില്‍ രാജ്യം താപതരംഗത്തിന്റെ പിടിയില്‍ അമര്‍ന്നെന്നും രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 46 ഡിഗ്രി സെല്‍ഷ്യസ് താപനില ദൃശ്യമായെന്നും ചൂണ്ടിക്കാട്ടിക്കൊണ്ടാണ് റിപ്പോര്‍ട്ട്. ചൂട് ക്രമേണെ വളര്‍ന്ന് രാജ്യത്ത് മനുഷ്യര്‍ക്ക് താങ്ങാനാകുന്നതിനേക്കാള്‍ തീവ്രമായ താപതരംഗമുണ്ടായേക്കാമെന്നാണ് ലോകബാങ്കിന്റെ റിപ്പോര്‍ട്ടിലുള്ളത്.

കേരള സര്‍ക്കാരുമായി ചേര്‍ന്ന് ലോകബാങ്ക് സംഘടിപ്പിക്കുന്ന ദ്വിദിന കാലാവസ്ഥാ സമ്മേളനത്തിലാകും റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പുറത്തിറക്കുക. ദക്ഷിണേഷ്യയില്‍ ഉടനീളം ചൂട് ഉയരുന്നതിനെതിരെ കാലാവസ്ഥാ വിദഗ്ധര്‍ വളരെക്കാലം മുന്‍പ് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 2021ല്‍ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഇന്റര്‍ ഗവണ്‍മെന്റ് പാനലിന്റെ റിപ്പോര്‍ട്ടില്‍ വരുന്ന പത്ത് വര്‍ഷം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ശക്തമായ താപതരംഗമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. മേല്‍പ്പറഞ്ഞ പഠനങ്ങള്‍ കൂടി ഉദ്ധരിച്ചുകൊണ്ടാണ് ലോകബാങ്ക് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.