National

പാകിസ്താനിൽ സിഖ് സമുദായത്തിന് നേരെ ആക്രമണം; പ്രതിഷേധം അറിയിച്ച് ഇന്ത്യ

പാകിസ്താനിൽ സിഖ് സമുദായത്തിന് നേരെയുള്ള ആക്രമങ്ങളിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഇന്ത്യയിലെ പാക് ഹൈക്കമ്മീഷനിലെ മുതിർന്ന നയതന്ത്രജ്ഞനെ ഇന്ത്യ വിളിച്ചുവരുത്തി. സുരക്ഷ ഉറപ്പാക്കണമെന്നും അന്വേഷണം നടത്തി റിപ്പോർട്ട് പങ്കുവയ്ക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. പാകിസ്താനിൽ സിഖ് സമുദായത്തിന് നേരെ നടക്കുന്ന സംഭവങ്ങളിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

2023 ഏപ്രിൽ-ജൂൺ കാലയളവിൽ മാത്രം സിഖ് സമുദായത്തിനെതിരെ നാല് ആക്രമണ പരമ്പരയാണ് നടന്നത്. ഇതിന് പിന്നാലെയാണ് നടപടി. അജ്ഞാതരായ ആയുധധാരികൾ വെടിയുതിർത്തതിനെത്തുടർന്ന് ഒരു സിഖ് സമുദായാംഗം വെടിയേറ്റ് മരിച്ചതായി പാകിസ്താനിലെ പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. പാകിസ്താനിലെ കക്ഷാൽ പ്രദേശത്ത് മൻമോഹൻ സിംഗ് എന്നയാളാണ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. വൈകുന്നേരം വീട്ടിലേക്ക് പോകുകയായിരുന്ന ഇയാൾക്ക് നേരേ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

പാകിസ്താനിലെ സിഖ് സമുദായത്തിനെതിരായ കൊലപാതകങ്ങൾ വർധിച്ചുവരുന്നു എന്നും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ പാകിസ്താൻ സർക്കാരിന്റെ പരാജയം കുറ്റവാളികളെ ശിക്ഷാരഹിതമായി പ്രവർത്തിക്കാൻ പ്രോത്സാഹിപ്പിക്കുകയാണെന്നും ന്യൂനപക്ഷ സമുദായങ്ങളും പ്രത്യേകിച്ച് സിഖുകാരും പാകിസ്താനിൽ അരക്ഷിതാവസ്ഥയിലാണെന്നും ഇന്ത്യ അറിയിച്ചു. ഇതിന് എത്രയും വേഗം നടപടിയുണ്ടാകണം എന്നും ഇന്ത്യ ആവശ്യപ്പെട്ടു.