തെലങ്കാനയിലുടനീളമുള്ള 20 സ്ഥലങ്ങളിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു. എക്സൽ ഗ്രൂപ്പിന്റെ ഡയറക്ടർമാർ, ചെയർമാൻ, സിഇഒ എന്നിവരുടെ വീടുകളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി റെയ്ഡ് നടക്കുന്നുണ്ട്. റബ്ബർ ഇറക്കുമതി-കയറ്റുമതിയിലെ പൊരുത്തക്കേടുകളും നികുതി അടയ്ക്കുന്നതിലെ ക്രമക്കേടുകളും സംബന്ധിച്ചാണ് പരിശോധന.
ഡയറക്‌ടർമാർ, ചെയർമാൻ, സിഇഒ എന്നിവരുടെ വീടുകളിൽ നടത്തിയ പരിശോധനയ്‌ക്ക് പുറമെ എക്‌സൽ ഗ്രൂപ്പുമായി ബന്ധമുള്ള മറ്റ് 10 കമ്പനികളിലും ഐ-ടി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ട്. കമ്പനിയുടെ ഗച്ചിബൗളി, മദാപൂർ, ബാച്ചുപള്ളി എന്നിവിടങ്ങളിലെ ഓഫീസുകളിൽ പരിശോധന തുടരുകയാണ്. സംഗറെഡ്ഡിയിലെ നാല് സ്ഥലങ്ങൾ, നർസിംഗിലെ ആറ് സ്ഥലങ്ങൾ, ബാച്ചുപള്ളി ദുണ്ടിഗലിലെ നാല് കമ്പനികൾ, മദാപൂരിലെ എക്സൽ ആസ്ഥാനം എന്നിവിടങ്ങളിലും തെരച്ചിൽ നടക്കുന്നുണ്ട്.
റബ്ബർ ഇറക്കുമതിയിലും കയറ്റുമതിയിലും ഉണ്ടായ വൻ വ്യത്യാസവും നികുതി അടയ്ക്കുന്നതിലെ ക്രമക്കേടുമാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് കാരണം.