യുദ്ധമുന്നണിയിലെ റിസര്‍വ് ഫോഴ്സില്‍ ഇന്ത്യയില്‍ നിന്നുള്ള കുക്കി വംശജരെ ഉള്‍പ്പെടുത്തി ഇസ്രയേല്‍. 206 പേരാണ് ഇസ്രായേലിന്റെ 3,60,000 അംഗ റിസര്‍വ് ഫോഴ്സില്‍ സ്ഥാനം പിടിച്ചത്. മണിപ്പൂര്‍, മിസോറാം സംസ്ഥാനങ്ങളില്‍ നിന്ന് കുടിയേറിയവരാണ് ഇവര്‍. ഗാസയോട് ചേര്‍ന്നുള്ള ഡെറോട്ട് എന്ന നഗരത്തില്‍ താമസിക്കുന്നവരാണ് ഇവര്‍. ഇസ്രായേലിന്റെ ജൂത പാരമ്പര്യം ഉള്ളവരോടുള്ള ഒപ്പണ്‍ഡോര്‍ പോളിസിയുടെ ഭാഗമായാണ് ഇവര്‍ ഇസ്രായേലിലെത്തിയത്. 5000-ത്തോളം കുക്കി പാരമ്പര്യം ഉള്ളവര്‍ ഇസ്രായേലിലെ ഡെറോട്ട് എന്ന നഗരത്തില്‍ മാത്രം ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ( IDF’s Kuki soldiers in Israel march against Hamas)
ഹമാസിനെതിരെയുള്ള തിരിച്ചടിക്കല് കടുപ്പിച്ച സാഹചര്യത്തിലാണ് ഇസ്രയേല്‍ മിലിറ്ററി 3,60,000 റിസര്‍വ് ഫോഴ്സിനെക്കൂടി യുദ്ധമുന്നണിയിലെത്തിച്ചത്. തങ്ങളുടെ 73-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഇസ്രയേല്‍ റിസര്‍വ് ഫോഴ്സിലെ അംഗവും മണിപ്പൂരില്‍ വേരുകളുള്ളയാളുമായ നദിവ് ഖാട്ടോയെ ആദരിച്ചിരുന്നു. ഇസ്രയേലിലെ കുകി വംശജര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ നിലവില്‍ സുരക്ഷിതരാണെന്നും ഇന്ത്യന്‍ ജൂതന്മാരുടെ കൂട്ടായ്മ ബ്നെ മെനാഷെ ചെയര്മാന് ലാലം ഹാങ്ഷിങ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
യുദ്ധം എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ജീവന് നഷ്ടപ്പെട്ടത് 2000 പലസ്തീനികള്‍ക്കും 1300 ഇസ്രയേല്‍ പൗരന്മാര്ക്കുമാണ്. ഗാസയില്‍ നടത്തിയ വ്യോമാക്രമണം തുടക്കം മാത്രമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറയുന്നു. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് യു എസ് പ്രസ്താവിച്ചു.