ദീർഘദൂര യാത്ര ഇഷ്ടപ്പെടാത്തവർ ചുരുക്കമാണ്. മനോഹര കാഴ്ചകൾ കണ്ടുള്ള യാത്ര ഏവർക്കും ഉന്മേഷം പകരും. ചിലപ്പോഴെങ്കിലും യാത്രകൾ വിരസമായി തോന്നാം. പ്രത്യേകിച്ചും ഗതാഗതക്കുരുക്കിൽ അകപ്പെടുമ്പോൾ. അത്തരം സാഹചര്യങ്ങളിൽ എന്തുചെയ്യണം? സാക്ഷാൽ ക്രിക്കറ്റ് ദൈവം പറയുന്നത് കേൾക്കൂ.
സച്ചിൻ ടെണ്ടുൽക്കർ പോസ്റ്റ് ചെയ്ത ഒരു വിഡിയോ ആണ് ട്വിറ്ററിലെ ഇപ്പോഴത്തെ ചർച്ച. രണ്ട് ദിവസം മുൻപാണ് വിഡിയോ ഷെയർ ചെയ്തത്. ദൃശ്യങ്ങൾ പ്രകാരം സച്ചിനും കൂട്ടരും കാർ യാത്രയിലാണ്. പിന്നണിയിൽ മനോഹരമായ മറാത്തി ഗാനവും അതിനൊത്ത് നൃത്തം ചെയുന്ന സച്ചിനെയും കാണാൻ കഴിയും. പൂനെയിലേക്കുള്ള വഴിമധ്യ വാഹനം ഗതാഗതക്കുരുക്കിൽ കുടുങ്ങുന്നു. പിന്നാലെയാണ് സച്ചിൻ്റെ പോസ്റ്റ്.
‘പൂനെയിലേക്കുള്ള യാത്രാമധ്യ ഗതാഗതക്കുരുക്കിൽ കുടുങ്ങി, ഒരു മനോഹരമായ ഗാനം ആസ്വദിക്കാമെന്ന് വിചാരിച്ചു!’ – എന്ന തലക്കെട്ടോടെ സച്ചിൻ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചു. വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി. ലക്ഷ കണക്കിന് ആളുകൾ ഇതിനോടകം വിഡിയോ കണ്ടുകഴിഞ്ഞു. ട്വീറ്റിന് കീഴിൽ കമെന്റുകളുടെ പ്രവാഹമാണ്. സച്ചിൻ കേൾക്കുന്ന പാട്ടിന്റെ തമിഴ്, ബംഗാളി പതിപ്പുകൾ ചിലർ പോസ്റ്റ് ചെയ്തു.
“കുട്ടിക്കാലത്തെ ഓർമ്മപ്പെടുത്തുന്നു…പഴയ ആംചി മുംബൈയെ ശരിക്കും മിസ് ചെയ്യുന്നു. മഹാരാഷ്ട്രയിലെ പരമ്പരാഗത ഉത്സവങ്ങളും മനോഹരമായ ശിവജിയുടെ ജയന്തിയും ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന അതിമനോഹരമായ മഴയും ഓർമ്മവരുന്നു. ആ നാളുകൾ തിരികെ കിട്ടിയിരുന്നെങ്കിൽ…”ഒരു ട്വിറ്റർ ഉപയോക്താവ് പോസ്റ്റ് ചെയ്തു. “ഹേമന്ത് മുഖർജിയുടെ ഐതിഹാസിക ഗാനം” മറ്റൊരാൾ അഭിപ്രായപ്പെട്ടു.