National

‘ജസീന്ത ചില പുരുഷന്മാരില്‍ നിന്ന് നേരിട്ടത് വളരെ നിന്ദ്യമായ പെരുമാറ്റം’; അപലപിച്ച് ക്രിസ് ഹിപ്കിന്‍സ്

ന്യൂസിലന്‍ഡിന്റെ അടുത്ത പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പിച്ച ശേഷമുള്ള ആദ്യ പൊതുസമ്മേളനത്തില്‍ പുരുഷമേധാവിത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് ക്രിസ് ഹിപ്കിന്‍സ്. ലോകം ആരാധിക്കുന്ന വനിതാ നേതാവ് ജസീന്ത ആര്‍ഡനെ അംഗീകരിക്കാന്‍ പല പുരുഷ നേതാക്കള്‍ക്കും മടിയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജസീന്ത രാജ്യത്തെ പല പുരുഷന്മാരില്‍ നിന്നും നേരിട്ടത് വളരെ നിന്ദ്യമായ പെരുമാറ്റമാണ്. ജസീന്ത ഒരു സ്ത്രീയാണെന്നതിനാല്‍ അവരോട് ബഹുമാനക്കുറവ് കാണിച്ചവര്‍ ഈ രാജ്യത്തിന്റെ മൂല്യങ്ങള്‍ക്ക് എതിരായാണ് ചിന്തിക്കുന്നത്. വനിതാ നേതാക്കള്‍ക്ക് പുരുഷ നേതാക്കള്‍ക്ക് ലഭിക്കുന്ന തുല്യ അംഗീകാരവും ബഹുമാനവും തന്നെ ലഭിക്കേണ്ടതുണ്ട്. ജസീന്ത നേരിട്ട ഈ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും ഇത് നാം അഭിമുഖീകരിക്കേണ്ട വിഷയമാണെന്നും ക്രിസ് ഹിപ്കിന്‍സ് പറഞ്ഞു. (Hipkins asks men to speak up about abhorrent treatment of Jacinda Ardern)

ജസീന്ത ആര്‍ഡന്റെ രാജിപ്രഖ്യാപനത്തിന് ശേഷം ക്രിസ് ഹിപ്കിന്‍സ് അടുത്ത പ്രധാനമന്ത്രിയാകുമെന്ന് സിഎന്‍എന്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലേബര്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലേക്കുള്ള ഏക നാമനിര്‍ദേശം ക്രിസ് ഹിപ്കിന്‍സ് മാത്രമായിരുന്നു. രാജി പ്രഖ്യാപിച്ച ജസീന്ത ആര്‍ഡന്‍ ഔദ്യോഗികമായി സ്ഥാനമൊഴിയുന്നതോടെ ക്രിസ് ഹിപ്കിന്‍സ് ന്യൂസിലന്റിന്റെ പുതിയ പ്രധാനമന്ത്രിയാകും. വ്യാഴാഴ്ചയായിരുന്നു ജസീന്തയുടെ രാജിപ്രഖ്യാപനം.

ലേബര്‍ പാര്‍ട്ടി അംഗം മൈക്കല്‍ വുഡ് ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ നിര്‍ദേശിക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും ക്രിസിന്റെ പേര് മാത്രമാണ് അവസാനം മുന്നിലേക്കെത്തിയത്. നിലവില്‍ ന്യൂസിലന്റ് മന്ത്രിസഭയില്‍ പൊലീസ് വകുപ്പും വിദ്യാഭ്യാസ വകുപ്പും കൈകാര്യം ചെയ്യുകയാണ് ക്രിസ് ഹിപ്കിന്‍സ്. ജസീന്തയുടെ വിശ്വസ്തരായ സഹപ്രവര്‍ത്തകരില്‍ ഒരാളായിരുന്ന ക്രിസ്, കൊവിഡ് പ്രതിസന്ധി സമയത്ത് മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റി. 44 കാരനായ ക്രിസ് 2008 മുതല്‍ പാര്‍ലമെന്റ് അംഗമാണ്.