National

ഹിന്ദുത്വയുടെ പേറ്റന്റ് ബിജെപിക്കല്ല; മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

ഹിന്ദുത്വയുടെ പേറ്റന്റ് ബിജെപിക്ക് അവകാശപ്പെട്ടതല്ലെന്ന പരാമര്‍ശവുമായി മഹാരാഷ്ട്രാ മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ. കാവിയും ഹിന്ദുത്വവും ചേര്‍ന്ന് അധികാരത്തിലെത്താന്‍ സഹായിക്കുമെന്ന് ബാല്‍ താക്കറെ ബിജെപിക്ക് കാണിച്ചുകൊടുത്തിട്ടുണ്ടെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. വ്യത്യസ്ത ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന, വ്യത്യസ്ത പേരുകളിലുള്ള ബിജെപിയില്‍ നിന്ന് വ്യത്യസ്തമായി, കാവി, ഹിന്ദുത്വ എന്നിവയില്‍ ശിവസേന എപ്പോഴും പ്രതിജ്ഞാബദ്ധരാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

ഏപ്രില്‍ 12 ന് നടക്കുന്ന കാലാപൂര്‍ നോര്‍ത്ത് സീറ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മഹാ വികാസ് അഘാഡിയുടെ സ്ഥാനാര്‍ത്ഥി ജയശ്രീ ജാദവിന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു താക്കറെ. ഇവിടെ 2019ല്‍ ബിജെപി-ശിവസേന സഖ്യം ചേര്‍ന്ന് മത്സരിച്ചിട്ടും ശിവസേന ഇറക്കിയ സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടതിന് താക്കറെ ബിജെപിയെ വിമര്‍ശിച്ചു. ആ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കോണ്‍ഗ്രസുമായി സഖ്യമുണ്ടായിരുന്നോ എന്ന് സംശയിക്കുന്നതായും ഉദ്ധവ് താക്കറെ കുററപ്പെടുത്തി.

‘ബിജെപിക്ക് ഹിന്ദുത്വയുടെ പേറ്റന്റ് ഇല്ല. ശ്രീരാമന്‍ ജനിച്ചില്ലായിരുന്നെങ്കില്‍ ബിജെപി രാഷ്ട്രീയത്തില്‍ എന്ത് പ്രശ്നം ഉന്നയിക്കുമായിരുന്നുവെന്ന് ഞാന്‍ അത്ഭുതപ്പെടുകയാണ്. ബിജെപിക്ക് വേറെ പ്രശ്നങ്ങളൊന്നുമില്ലാത്തതിനാല്‍ മതത്തെക്കുറിച്ചും വിദ്വേഷത്തെക്കുറിച്ചും മാത്രമാണ് സംസാരിക്കുന്നത്. താക്കറെ കൂട്ടിച്ചേര്‍ത്തു.

കാവിയും ഹിന്ദുത്വയും അധികാരത്തിലേക്കുള്ള വഴിയായി ബിജെപിക്ക് കാണിച്ചുകൊടുത്തത് തന്റെ പിതാവ് ബാല്‍ താക്കറെയാണ്. ബാല്‍ താക്കറെയെ ബിജെപി ബഹുമാനിക്കുന്നുവെങ്കില്‍, വരാനിരിക്കുന്ന നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് അദ്ദേഹത്തിന്റെ പേരിടാനുള്ള നിര്‍ദ്ദേശത്തെ എന്തുകൊണ്ടാണ് എതിര്‍ക്കുന്നതെന്നും താക്കറെ ചോദിച്ചു.