National

ഹിജാബ് വിവാദം; കര്‍ണാടക ഹൈക്കോടതിയിലെ വാദം ഇന്നും തുടരും

കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ ഹൈക്കോടതി വിശാല ബെഞ്ചില്‍ ഇന്നും വാദം തുടരും. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് കേസ് പരിഗണിക്കുക. കോളജുകള്‍, സിഡിസികള്‍ എന്നിവരുടെ വാദമാണ് ഇന്നുണ്ടാവുക.

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയെ കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സര്‍ക്കാറിന് ഇന്നലെ, ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. സീല്‍ ചെയ്ത കവറില്‍ റിപ്പോര്‍ട്ട് ഹാജരാക്കാമെന്ന് എജി പ്രഭുലിങ്ക് നവദ്ഗി കോടതിയെ അറിയിച്ചു. ഹിജാബ് വിവാദത്തിന് പിന്നില്‍ സിഎഫ്‌ഐ ആണെന്ന ഉഡുപ്പി പിയു കോളജിന്റെ വാദത്തിന് പിന്നാലെയാണ് കോടതിയുടെ നിര്‍ദ്ദേശം.

ഹിജാബ് ഒഴിച്ചുകൂടാനാകാത്ത മതപരമായ ആചാരമല്ലെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ വാദം. ഹിജാബ് ഒഴിച്ചുകൂടാനാകാത്ത മതാചാരമെന്ന് വിദ്യാര്‍ത്ഥികള്‍ തെളിയിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ ഒന്നും വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. യൂണിഫോം സംബന്ധിച്ച് പൂര്‍ണ സ്വാതന്ത്ര്യം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഹിജാബ് നിരോധനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയിലെ കോളജ് വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.