ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍ സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ വിശ്വാസ വോട്ട് തേടും. ഇതിനായി നിയമസഭയുടെ ഒരു ദിവസത്തെ പ്രത്യേക സമ്മേളനം ഇന്ന് ചേരും. ഹേമന്ത് സോറനെതിരായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അയോഗ്യതക്ക് പിന്നാലെ ബിജെപി ഓപ്പറേഷന്‍ താമര നീക്കങ്ങള്‍ സജീവമാക്കുന്ന പശ്ചാത്തലത്തിലാണ് വിശ്വാസ വോട്ട് തേടുന്നത്.
മുഖ്യമന്ത്രി ഹേമന്ത് സോറനെതിരായ തെരഞ്ഞെടുപ്പ് അയോഗ്യതാ കേസില്‍ ഗവര്‍ണ്ണറുടെ തീരുമാനം അനിശ്ചിതമായി നീളുന്ന സാഹചര്യത്തിലാണ് യുപിഎ സഖ്യ സര്‍ക്കാരിന്റെ അപ്രതീക്ഷിതനീക്കം. ഗവര്‍ണര്‍ തീരുമാനം വൈകിക്കുന്നത് സര്‍ക്കാരിനെ മറിച്ചിടാന്‍ ബിജെപിക്ക് അവസരം ഒരുക്കാനാണെന്ന ആരോപണം ഉയര്‍ന്നിട്ടിട്ടുണ്ട്. ഈ സമ്മര്‍ദ സാഹചര്യത്തെ മറികടക്കാനുള്ള ശ്രമമാണ് വിശ്വാസ വോട്ട് തേടല്‍. അതിനായാണ് ഇന്ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്തിരിക്കുന്നത്.
വിശ്വാസ വോട്ടില്‍ പങ്കെടുക്കാന്‍ റായ്പൂരിലേയ്ക്ക് മാറ്റിയ യുപിഎ എംഎല്‍എമാരെ കഴിഞ്ഞ രാത്രിയില്‍ പ്രത്യേക വിമാനത്തില്‍ റാഞ്ചിയില്‍ എത്തിച്ചു. പ്രതിപക്ഷം കുഴിച്ച കുഴിയില്‍ പ്രതിപക്ഷം തന്നെ വീഴുമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ പറഞ്ഞു. അതേസമയം മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അംഗങ്ങള്‍ സഭയില്‍ പ്രതിഷേധിക്കും.