National

‘ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കും’; ഉദയ്പൂർ ശാഖയിലെ മോഷണത്തിൽ പ്രതികരിച്ച് മണപ്പുറം ഫിനാന്‍സ്

രാജസ്ഥാനിലെ ഉദയ്പൂര്‍ പ്രതാപ് നഗറിലെ ശാഖയില്‍ മോഷണം നടന്നത്തിൽ പ്രതികരിച്ച് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്. ഓഗസ്റ്റ് 29 തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമാണ് പ്രതാപ് നഗര്‍ ശാഖയില്‍ മോഷണം നടന്നത്. 23 കിലോ സ്വര്‍ണവും 10 ലക്ഷം രൂപയുമാണു മോഷണം പോയത്. സംഭവം നടന്ന ഉടന്‍ പൊലസിനെവിവരം അറിയിക്കുകയും തുടർന്ന് അന്വേഷണം ആരംഭിക്കുകയും ചെയ്തതായി മണപ്പുറം ഫിനാന്‍സ് അറിയിച്ചു.

ഉപഭോക്താക്കളുടെ പണയ സ്വര്‍ണം നഷ്ടപ്പെടില്ലെന്നും, ഇവക്ക് പൂര്‍ണ ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടെന്നും മണപ്പുറം ഫിനാൻസ് പറഞ്ഞു. സ്വര്‍ണം കണ്ടെത്താനോ തിരിച്ചുപിടിക്കാനോ കഴിഞ്ഞില്ലെങ്കിൽ ഉപഭോക്താക്കള്‍ക്ക് തുല്യമായ നഷ്ടപരിഹാരം നല്‍കുമെന്നും മണപ്പുറം ഫിനാന്‍സ് അറിയിച്ചു

കഴിഞ്ഞ ദിവസമാണ് ഉദയ്പുരിൽ മണപ്പുറം ഫിനാന്‍സ് ശാഖാ ജീവനക്കാരെ ബന്ധികളാക്കി സ്വർണവും പണവും കൊള്ളയടിച്ചത്. ബൈക്കിലെത്തിയ അഞ്ചുപേര്‍ ജീവനക്കാരെ തോക്കിന്‍മുനയില്‍ നിര്‍ത്തിയാണു കൊള്ള നടത്തിയത്. പ്രതികളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. പ്രതികള്‍ സംസ്ഥാനം വിടാതിരിക്കാന്‍ പഴുതടച്ച പരിശോധന തുടങ്ങിയതായി ഉദയ്പുര്‍ എസ്പി അറിയിച്ചു.