National

സാര്‍വത്രിക വിദ്യാഭ്യാസവും സാമൂഹിക മുന്നേറ്റവും ജനസംഖ്യാ സ്ഥിരത കൈവരിക്കാന്‍ സഹായിച്ചു: ആരോഗ്യ മന്ത്രി

സാര്‍വത്രിക വിദ്യാഭ്യാസവും സാമൂഹ്യ മുന്നേറ്റവുമെല്ലാം ജനസംഖ്യാ സ്ഥിരത കൈവരിക്കാന്‍ കേരളത്തെ സഹായിച്ചുവെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യം സംരക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്. അതിലധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ആരോഗ്യ സൂചകങ്ങളില്‍ കേരളം മുന്നിലെത്തിയതെന്നും മന്ത്രി. തിരുവനന്തപുരം ലോ കോളജില്‍ നടന്ന ലോക ജനസംഖ്യാ ദിനാഘോഷ സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഏറ്റവും കുറവ് മാതൃശിശു മരണ നിരക്കുള്ള സംസ്ഥാനമാണ് കേരളം. കുടുംബാംഗങ്ങളുടേയും പ്രത്യേകിച്ച് കുഞ്ഞുങ്ങളുടേയും അമ്മമാരുടേയും ആരോഗ്യം സംരക്ഷിക്കുന്നതിനും സന്തോഷത്തിനും അഭിവൃദ്ധിക്കുമൊക്കെ കുടുംബാസൂത്രണം എന്നുള്ളതാണ് ലോക ജനസംഖ്യാ ദിനത്തിന്റെ സന്ദേശമെന്നും മന്ത്രി വ്യക്തമാക്കി.

രണ്ട് ഘട്ടങ്ങളായാണ് ആരോഗ്യ വകുപ്പ് അവബോധ ക്യാമ്പയില്‍ സംഘടിപ്പിക്കുന്നത്. ജൂണ്‍ 27 മുതല്‍ ജൂലൈ 10 വരെ കുടുംബാസൂത്രണ മാര്‍ഗങ്ങളെക്കുറിച്ച് ദമ്പതികള്‍ക്കും യുവജനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും അറിവും അവബോധവും നല്‍കുന്നതായിരുന്നു ഒന്നാം ഘട്ടം. രണ്ടാം ഘട്ടമായ ജൂലൈ 11 മുതല്‍ 24 വരെ നടത്തുന്ന ജനസംഖ്യാ സ്ഥിരതാ പക്ഷാചരണത്തില്‍ ആവശ്യമായവര്‍ക്ക് സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി സൗജന്യമായി കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ ഉറപ്പാക്കുന്നു.