ദേശീയ ജി.എസ്.ടി നികുതി പരിഷ്‌കരണകമ്മിറ്റി ഇന്ന് ഓൺലൈനായി യോഗം ചേരും. സംസ്ഥാന ധനമന്ത്രി കെ.എൻ.ബാലഗോപാലും അംഗമാണ്. അടുത്ത ജി.എസ്.ടി കൗൺസിലിൽ അവതരിപ്പിക്കുന്ന അന്തിമ റിപ്പോർട്ടിന് കമ്മിറ്റി ഇന്ന് രൂപം നൽകും.
കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയാണ് കമ്മിറ്റി അധ്യക്ഷൻ. സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നൽകുന്ന ജി.എസ്.ടി നഷ്ടപരിഹാരം ഈ മാസം നിറുത്താനിരിക്കെ നികുതി പരിഷ്‌കരണ കമ്മിറ്റി റിപ്പോർട്ടിന് ഏറെ പ്രധാന്യമുണ്ട്. സംസ്ഥാനങ്ങളുടെ നികുതിവരുമാനം വർദ്ധിപ്പിക്കാനുള്ള ശുപാർശകൾക്കാവും കമ്മിറ്റി മുൻഗണന നൽകുകയെന്നാണ് സൂചന. എന്നാൽ ഇതുമൂലം അവശ്യസാധനങ്ങൾക്ക് വിലക്കയറ്റമുണ്ടാകുമെന്ന ആശങ്കയുമുണ്ട്.
പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് മുൻഗണന നൽകണമെന്ന റിസർവ് ബാങ്കിന്റെയും സാമ്പത്തിക വിദഗ്ധരുടേയും റിപ്പോർട്ടുകളും കമ്മിറ്റി പരിഗണിക്കും.