National

പരാതി നൽകാനെത്തിയ ദളിത് യുവതിയെ പീഡിപ്പിച്ചു, യുപിയിൽ പൊലീസുകാരന് സസ്പെൻഷൻ

പരാതി നൽകാനെത്തിയ ദളിത് യുവതിയെ പൊലീസുകാരൻ ബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. പെൺകുട്ടിയെ മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കിയ ശേഷം കാറിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. പ്രതിയായ എസ്.ഐയെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

സെപ്റ്റംബർ 21നാണ് കേസിനാസ്പദമായ സംഭവം. തന്നെ ചിലർ ശല്യപ്പെടുത്തുന്നുണ്ടെന്നും വധഭീഷണി ഉണ്ടെന്നും ആരോപിച്ച് പരാതി നൽകാനെത്തിയതായിരുന്നു പെൺകുട്ടി. ജങ്ഹായ് പൊലീസ് ഔട്ട്‌പോസ്റ്റ് ഇൻചാർജ് സബ് ഇൻസ്‌പെക്ടർ സുധീർ കുമാർ പാണ്ഡെയ്ക്കാണ് പരാതി നൽകിയത്. സെപ്തംബർ 21ന് വൈകുന്നേരം ഇയാൾ പെൺകുട്ടിയെ വിളിച്ചു വരുത്തി.

പ്രതികളെ പിടികൂടാനെന്ന വ്യാജേന പരാതിക്കാരിയെ കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. വഴിയിൽ വെച്ച് പെൺകുട്ടിക്ക് മയക്കുമരുന്ന് കലർത്തിയ ശീതളപാനീയം കുടിക്കാൻ നൽകി. തുടർന്ന് അബോധാവസ്ഥയിലായ പെൺകുട്ടിയെ കാറിൽ വെച്ച് തന്നെ സബ് ഇൻസ്‌പെക്ടർ പീഡിപ്പിക്കുകയായിരുന്നു. ഇരയുടെ പരാതിയിൽ സബ് ഇൻസ്‌പെക്ടറെ സസ്‌പെൻഡ് ചെയ്തതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ സുധീർ കുമാർ പറഞ്ഞു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സരായ് മാമ്‌റേജ് പൊലീസ് സ്‌റ്റേഷനിലെ സബ് ഇൻസ്‌പെക്ടറായ പാണ്ഡെയ്‌ക്കെതിരെ ഐപിസി സെക്ഷൻ 376 (ബലാത്സംഗം), 120 ബി (ക്രിമിനൽ ഗൂഢാലോചന) എന്നീ വകുപ്പുകൾ പ്രകാരവും എസ്‌സി/എസ്ടി ആക്‌ട് പ്രകാരവും കേസെടുത്തിട്ടുണ്ട്. നിലവിൽ പാണ്ഡെ ഒളിവിലാണ്.