കുപ്രസിദ്ധ മാഫിയ നേതാവും രാഷ്ട്രീയ നേതാവുമായ അതിഖ് അഹമ്മദിന്റെയും സഹോദരൻ അഷ്‌റഫിന്റെയും കൊലപാതകത്തിൽ സുപ്രീം കോടതിയിൽ വീണ്ടും ഹർജി. കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കാൻ മുൻ ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണ കമ്മിഷൻ രൂപീകരിക്കണമെന്നാണ് ആവശ്യം. ഇരുവരുടെയും ഒളിവിൽ കഴിയുന്ന സഹോദരി ആയിഷ നൂറിയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
പൊലീസ് കസ്റ്റഡിയിലെ സഹോദരങ്ങളുടെ മരണവും യുപി എസ്ടിഎഫ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട അനന്തരവൻ അസദിന്റെ മരണവും അന്വേഷിക്കാൻ മുൻ ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണ കമ്മീഷൻ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നൂറി സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഈ മൂന്ന് മരണങ്ങളും ദുരൂഹമാണെന്ന് ആയിഷ നൂറി ആരോപിക്കുന്നു. ഒളിവിൽ കഴിയുമ്പോഴാണ് ആയിഷ നൂറിയുടെ ഹർജി.
ഇതുമായി ബന്ധപ്പെട്ട ഒരു ഹർജി സുപ്രീം കോടതിയിൽ നിലവിലുണ്ട്. ഏപ്രിലിൽ, അതിഖ് അഹമ്മദിന്റെയും അഷ്‌റഫിന്റെയും കൊലപാതകം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ വിശാൽ തിവാരി പൊതുതാൽപര്യ ഹർജി സമർപ്പിച്ചിരുന്നു. യോഗി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സംസ്ഥാനത്ത് ഇതുവരെ നടന്ന എല്ലാ ഏറ്റുമുട്ടലുകളും അന്വേഷിക്കണമെന്ന ആവശ്യവും ഇതോടൊപ്പം ഉയർന്നു.
ഏപ്രിൽ 28 ന് ഹർജി പരിഗണിക്കവെ, മാഫിയ സഹോദരങ്ങളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തെക്കുറിച്ച് യുപി സർക്കാരിനോട് സുപ്രീം കോടതി തൽസ്ഥിതി റിപ്പോർട്ട് തേടിയിരുന്നു. വിഷയത്തിൽ അടുത്ത വാദം ജൂലൈ മൂന്നിന് നടക്കും.