91-ാം പിറന്നാൾ നിറവിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. ജന്മദിനാശംകൾ നേർന്ന് നേതാക്കൾ. പാർട്ടി ഭേദമന്യേ എല്ലാ നേതാക്കന്മാരും മുൻ പ്രധാനമന്ത്രിയ്ക്ക് ജന്മദിനാശംസകൾ നേർന്നു. “മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ജിക്ക് ജന്മദിനാശംസകൾ. അദ്ദേഹത്തിന്റെ ദീർഘായുസിനും നല്ല ആരോഗ്യത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു” എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ അറിയിച്ച് കൊണ്ട് എക്‌സിൽ കുറിച്ചത്. 2004-2014 കാലഘട്ടത്തിൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയായിയിരുന്നു മൻമോഹൻ സിംഗ്. രാജ്യത്തെ സാമ്പത്തിക പരിഷ്കാരങ്ങളുടെ ശില്പിയെന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. (Former PM manmohan singh birthday)
രാഷ്ട്രീയത്തിലെ ലാളിത്യത്തിന്റെയും മാന്യതയുടെയും അപൂർവ മാതൃകയെന്നാണ് ആശംസകൾ നേർന്നുകൊണ്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കുറിച്ചത്. “മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിംഗ് ജിക്ക് ഞാൻ എന്റെ ആശംസകൾ നേരുന്നു. രാഷ്ട്രീയത്തിലെ ലാളിത്യത്തിന്റെയും മാന്യതയുടെയും ദയയുടെയും അപൂർവ മാതൃകയാണ് അദ്ദേഹം. ഒരു യഥാർത്ഥ രാഷ്ട്രതന്ത്രജ്ഞനായ പ്രധാനമന്ത്രി. അദ്ദേഹത്തിന്റെ വാക്കുകളേക്കാൾ കൂടുതൽ പ്രവൃത്തികൾ സംസാരിച്ചു. രാഷ്ട്രത്തിന് അദ്ദേഹം നൽകിയ മഹത്തായ സംഭാവനകൾക്ക് ഞങ്ങൾ എന്നും നന്ദിയുള്ളവരാണ്.” എന്നാണ് അദ്ദേഹം എക്‌സിൽ കുറിച്ചത്.
നല്ല ആരോഗ്യവും സന്തോഷവും നേർന്നും കൊണ്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ആശംസകൾ അറിയിച്ചു. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ജിയുടെ സമഗ്രതയും രാഷ്ട്രനിർമ്മാണത്തിലും ജനങ്ങളുടെ സാമ്പത്തിക ഉന്നമനത്തിലുമുള്ള അചഞ്ചലമായ പ്രതിബദ്ധതയും എനിക്ക് എന്നും പ്രചോദനമായിരിക്കും. ഈ ജന്മദിനത്തിൽ അദ്ദേഹത്തിന് നല്ല ആരോഗ്യവും സന്തോഷവും നേരുന്നു എന്നാണ് രാഹുൽ ഗാന്ധി കുറിച്ചത്.
കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ജന്മദിനാശംസകൾ നേരുകയും അഗാധമായ ആദരവ് അറിയിക്കുകയും ചെയ്തു. രാഷ്ട്രീയത്തിൽ ക്ഷമയുടെയും വിനയത്തിന്റെയും മൂല്യം പ്രകടമാക്കിയ നേതാവ് എന്നാണ് പ്രിയങ്ക ഗാന്ധി വിശേഷിപ്പിച്ചത്. ഒരു പ്രധാനമന്ത്രിയെന്ന നിലയിൽ, അദ്ദേഹത്തിന്റെ സത്യസന്ധതയും ധൈര്യവും കാഴ്ചപ്പാടും വിവേകവും നമ്മുടെ രാജ്യത്തിന് 21-ാം നൂറ്റാണ്ടിലേക്ക് മുന്നേറാൻ വഴിയൊരുക്കി.”ബി എന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നു. അദ്ദേഹത്തിന്റെ ദീർഘായുസ്സിനും നല്ല ആരോഗ്യത്തിനും സന്തോഷത്തിനും വേണ്ടി പ്രാർത്ഥിച്ചുക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കറും കുറിച്ചു.
ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ ഇന്ത്യയോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ സമർപ്പണത്തെയും പ്രതിബദ്ധതയെയും പ്രശംസിച്ചു. “മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ജിക്ക് ജന്മദിനാശംസകൾ. നമ്മുടെ രാജ്യത്തോടും ഭരണഘടനയോടും ജനാധിപത്യത്തോടുമുള്ള നിങ്ങളുടെ അചഞ്ചലമായ അർപ്പണബോധവും പ്രതിബദ്ധതയും ഞങ്ങളെ എല്ലാവരെയും പ്രചോദിപ്പിക്കുന്നു. നിങ്ങൾക്ക് നല്ല ആരോഗ്യവും സന്തോഷവും ദീർഘായുസ്സും നേരുന്നു.” എന്നാണ് അരവിന്ദ് കെജ്‌രിവാൾ എക്‌സിൽ കുറിച്ചത്.