National

പരാതിനൽകാനെത്തിയപ്പോൾ പൊലീസ് ഭീഷണിപ്പെടുത്തി,കേസെടുത്തില്ല; കൂട്ട ബലാത്സംഗ അതിജീവിതയുടെ പിതാവ് ജീവനൊടുക്കി

കുറ്റവാളികൾക്കെതിരെ പൊലീസ് നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് കൂട്ട ബലത്സംഗ അതിജീവിതയുടെ പിതാവ് ജീവനൊടുക്കി. പരാതിപ്പെടാനെത്തിയപ്പോൾ പൊലീസ് ഭീഷണിപ്പെടുത്തിയെന്നും കേസെടുത്തില്ലെന്നും ആരോപിച്ചാണ് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ പിതാവ് ആത്‌മഹത്യ ചെയ്തത്.

ഉത്തർ പ്രദേശിലെ ജലൗനിലാണ് സംഭവം. ഇദ്ദേഹം തിങ്കളാഴ്ച തൂങ്ങിമരിക്കുകയായിരുന്നു. രണ്ട് മാസങ്ങൾക്ക് മുൻപാണ് ഇദ്ദേഹത്തിൻ്റെ മകൾ കൂട്ട ബലാത്സംഗത്തിനിരയായത്. ഗ്രാമത്തിലെ തന്നെ ചില യുവാക്കൾ ചേർന്നാണ് കുട്ടിയെ ബലാത്സംഗം ചെയ്തത്. പൊലീസിൽ പരാതിപ്പെട്ടാൽ കൊന്നുകളയുമെന്ന് ഇവർ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പഞ്ചാബിൽ ജോലി ചെയ്യുകയായിരുന്ന പിതാവ് തിരികെവന്നപ്പോൾ കുട്ടി കാര്യങ്ങൾ വിവരിച്ചു. സ്റ്റേഷനിൽ പരാതി നൽകാനെത്തിയപ്പോൾ പൊലീസ് ഭീഷണിപ്പെടുത്തി. മറ്റൊരു കേസിൽ പെടുത്തി ഇദ്ദേഹത്തെ അകത്തിടുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്നായിരുന്നു വെളിപ്പെടുത്തൽ. മാസങ്ങളോളം കേസെടുക്കാതിരുന്നതിനെ തുടർന്ന് കുട്ടിയുടെ പിതാവ് ആത്‌മഹത്യ ചെയ്യുകയായിരുന്നു.

മരണത്തിനു പിന്നാലെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് പ്രതിഷേധിച്ചതോടെ കൃത്യനിർവഹണം നടത്താത്ത പൊലീസുകാർക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു.