National

പിതാവ് കൊണ്ടുവിട്ട പരീക്ഷാകേന്ദ്രം മാറിപ്പോയി, ജീപ്പില്‍ സൈറണും മുഴക്കി പെണ്‍കുട്ടിയെ കൃത്യസമയത്ത് എത്തിച്ച് പൊലീസ്

ഗുജറാത്തിൽ ബോര്‍ഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മകളെ പിതാവ് കൊണ്ടുവിട്ടത് തെറ്റായ പരീക്ഷാ കേന്ദ്രത്തില്‍. പരീക്ഷാ കേന്ദ്രത്തിലെത്താൻ വേണ്ടത് 20 കിലോമീറ്റർ. കൃത്യ സമയത്ത് എത്തുമോ എന്ന് ടെൻഷൻ അടിച്ച് നിന്നിരുന്ന പെണ്‍കുട്ടിയെ സഹായിച്ചത് യുവ പൊലീസുകാരനാണ്.

മകളെ പരീക്ഷാ കേന്ദ്രത്തിലാക്കി പിതാവ് മടങ്ങിപ്പോയിരുന്നു, തുടർന്ന് പരീക്ഷാ കേന്ദ്രത്തിലെത്തി റോള്‍ നമ്പര്‍ പരിശോധിക്കുമ്പോഴാണ് പരീക്ഷ എഴുതേണ്ട കേന്ദ്രത്തിലേക്ക് ഇനിയും ഇരുപത് കിലോമീറ്റര്‍ കൂടിയുണ്ടെന്ന് വ്യക്തമായത്.

സമയത്ത് പരീക്ഷ എഴുതാനായില്ലെങ്കിൽ ഒരു വര്‍ഷം നഷ്ടമാവുമോന്നും ഭയന്നിരിക്കുന്ന പെണ്‍കുട്ടിയെ പരീക്ഷാ കേന്ദ്രത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന യുവ പൊലീസുകാരന്‍ ശ്രദ്ധിച്ചിരുന്നു. കുട്ടിയോടെ വിവരം തിരക്കിയപ്പോഴാണ് സംഭവം മനസിലായത്. തൊട്ട് പിന്നാലെ പൊലീസ് ജീപ്പുമായി എത്തിയ പൊലീസുകാരന്‍ സൈറണും മുഴക്കി കുട്ടിയ 20 കിലോമീറ്റര്‍ അകലെയുള്ള പരീക്ഷാ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു.

കൃത്യസമയത്ത് ഹാളിലെത്തിച്ച് കുട്ടി പരീക്ഷ എഴുതിയെന്ന് ഉറപ്പാക്കാനും പൊലീസുകാരന്‍ മറന്നില്ല. നിരവധി പ്പേരാണ് പൊലീസുകാരന്‍റെ പ്രവർത്തിക്ക് അഭിനന്ദനവുമായി എത്തുന്നത്. ഇത്തരത്തിലുള്ള നല്ല പൊലീസുകാരെയാണ് സമൂഹമത്തിന് ആവശ്യമെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണം.