National

ഇ ഡി ഉദ്യോഗസ്ഥരായി ചമഞ്ഞ് വ്യാജ റെയ്ഡ്; മുംബൈയിലെ വ്യാപാരിക്ക് നഷ്ടപ്പെട്ടത് 3 കിലോ സ്വര്‍ണവും 25 ലക്ഷവും

സ്വര്‍ണാഭരണശാലയില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരായി ചമഞ്ഞ് വ്യാജ റെയ്ഡ് നടത്തി 25 ലക്ഷം രൂപയും മൂന്ന് കിലോ സ്വര്‍ണവും പിടിച്ചെടുത്ത കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും ഉള്‍പ്പെട്ട സംഘമാണ് ഇ ഡിയുടെ പേരില്‍ വന്‍കൊള്ള നടത്തിയത്. മുംബൈയിലെ സാവേരി ബസാറിലാണ് സംഭവം നടന്നത്.

ഇ ഡി റെയ്ഡ് നടക്കുകയാണെന്നും തടസപ്പെടുത്തരുതെന്നും പറഞ്ഞാണ് മൂന്നുപേരും സ്വര്‍ണാഭരണങ്ങളും രേഖകളും മറ്റും പരിശോധിച്ചത്. ജ്വലറിയുടെ ഉടമകളില്‍ ഒരാളോട് സ്ഥലത്തെത്താന്‍ ആവശ്യപ്പെട്ട സംഘം ജ്വല്ലറി ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ചെയ്തു. ജീവനക്കാരെ വിലങ്ങണിയിച്ച ശേഷമാണ് പണവും ആഭരണങ്ങളുമായി സംഘം രക്ഷപ്പെട്ടത്.

ഡോംഗ്രി സ്വദേശി മുഹമ്മദ് ഫസല്‍ സിദ്ദിഖി ഗിലിത്വാല (50), മാല്‍വാനി സ്വദേശിയായ മുഹമ്മദ് റാസി അഹമ്മദ് മുഹമ്മദ് റഫീഖ് എന്ന സമീര്‍ (37), ഖേദില്‍ നിന്നെത്തിയ വിശാഖ മുധാലെ (30) എന്നിവരെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കൊപ്പം ചുറ്റുപാടുകള്‍ നിരീക്ഷിക്കാനായി മൂന്ന് സഹായികള്‍ കൂടി ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. മൂന്നുപേര്‍ക്കുമായി പൊലീസ് തെരച്ചില്‍ നടത്തിവരികയാണ്. ജീവനക്കാര്‍ ജ്വല്ലറി ഉടമയോട് സംഭവങ്ങള്‍ വിശദീകരിച്ച ശേഷം ജ്വല്ലറി ഉടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വ്യാജ ഇ ഡി ഉദ്യോഗസ്ഥര്‍ കുടുങ്ങിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.