ബെംഗളൂരുവിൽ ഓൺലൈൻ പണമിടപാട് കമ്പനികളുടെ പീഡനത്തെ തുടർന്ന് 22 കാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ജീവനൊടുക്കി. NITTE മീനാക്ഷി കോളജിലെ വിദ്യാർത്ഥി തേജസാണ് ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച യെലഹങ്കയിലെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. വായ്പാ ആപ്പുകളിൽ നിന്ന് പണം കടം വാങ്ങി തേജസ് സുഹൃത്തിന് നൽകിയിരുന്നതായി പൊലീസ് പറഞ്ഞു.
സ്ലൈസ്, കിഷ്ത്, കൊട്ടക് മഹീന്ദ്ര തുടങ്ങിയ വായ്പാ ആപ്പുകളിൽ നിന്ന് തേജസ് 30,000 ലോൺ എടുത്തിരുന്നു. സുഹൃത്ത് മഹേഷ് വേണ്ടിയായിരുന്നു ലോൺ. മഹേഷ് പണം നൽകാത്തതിനാൽ കഴിഞ്ഞ ഒരു വർഷമായി ഇഎംഐ അടയ്ക്കാൻ തേജസിന് കഴിഞ്ഞിരുന്നില്ല. ഇതോടെ പലിശയും ലേറ്റ് ഫീസും ഉൾപ്പെടെ 45,000 രൂപയോളം തിരികെ നൽകേണ്ടി വന്നു.
ലോൺ കമ്പനികളുടെ ഭീഷണി വർധിച്ചതോടെ ബന്ധുവിൽ നിന്ന് കടം വാങ്ങി ഇഎംഐ അടച്ചു. പിന്നീട് ഈ കടം തീർക്കാൻ പുതിയൊരു ലോൺ എടുക്കേണ്ടിവന്നു. തിരിച്ചടവ് മുടങ്ങിയതോടെ വായ്പ ആപ്പുകളുടെ പ്രതിനിധികൾ തേജസിനെ വീണ്ടും ഭീഷണിപ്പെടുത്താൻ തുടങ്ങി. മകന്റെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് അവർ ബ്ലാക്ക് മെയിൽ ചെയ്തതായി തേജസിന്റെ പിതാവ് ആരോപിച്ചു. ഇത്തരത്തിലുള്ള പീഡനം സഹിക്കാൻ കഴിയാതെയാണ് മകൻ ആത്മഹത്യ ചെയ്തതെന്നാണ് പിതാവ് പറയുന്നത്.