അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞടുപ്പിന്റെ തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. രാജസ്ഥാൻ , മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ ആണ് വാർത്താസമ്മേളനത്തിൽ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്.(Election commission announced poll schedule of five states)
ഛത്തിസ്ഗഡിൽ രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. മിസോറാമിലും ഛത്തിസ്ഗഡിലും നവംബർ ഏഴിന് വോട്ടെടുപ്പ് നടക്കും. ഛത്തിസ്ഗഡിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് നവംബർ 17 ന് നടക്കും. മധ്യപ്രദേശിൽ നവംബർ 17, രാജസ്ഥാനിൽ നവംബർ 23, തെലങ്കാനയിൽ നവംബർ 30 എന്നിങ്ങനെയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബർ മൂന്നിനാണ് വോട്ടെണ്ണൽ നടക്കുന്നത്.
അഞ്ച് സംസ്ഥാനങ്ങളിലുമായി 16.14 കോടി ജനങ്ങളാണ് വിധിയെഴുതുക. 60.2 ലക്ഷം പുതിയ വോട്ടർമാർ ഇത്തവണയുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലുമായി 1.77 ലക്ഷം പോളിംഗ് സ്റ്റേഷനുകൾ സജീകരിക്കും. ഇതിൽ 1.01 ലക്ഷം സ്റ്റേഷനുകളിലും വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തും.