National

ഇ ഡി ഒന്നുമല്ല, ചോദ്യം ചെയ്യുന്നതിൽ തനിക്ക് പ്രശ്‌നമില്ലെന്ന് രാഹുൽ ഗാന്ധി

ഇ ഡി ചോദ്യം ചെയ്യുന്നതിൽ തനിക്ക് പ്രശ്‌നമില്ലെന്ന് രാഹുൽ ഗാന്ധി. എത്ര മണിക്കൂർ വേണമെങ്കിലും ചോദ്യം ചെയ്യൽ മുറിയിൽ ഇരിക്കാൻ മടിയില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ കോൺഗ്രസ് പ്രവർത്തകരും ജാനാധിപത്യ വിശ്വാസികളും ഒപ്പമുണ്ട്. ഇ ഡി ഒന്നുമല്ല. ഒപ്പം നിന്ന എല്ലാവർക്കും നന്ദി അറിയുക്കുന്നവെന്നും അദ്ദേഹം പറഞ്ഞു.എ ഐ സി സി ആസ്ഥാനത്ത് പൊലീസ് കയറിയതും വൻ പ്രതിഷേധത്തിന് ഇടയായിരുന്നു . ഇതിനെയെല്ലാം തുടർന്ന് ഇന്ന് രാഹുൽഗാന്ധി എ ഐ സി സി ആസ്ഥാനത്തെത്തി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു.

അഗ്നിപഥ് പദ്ധതിക്കെതിരെ കോൺഗ്രസ് പോരാട്ടം നടത്തുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. യുവാക്കൾക്ക് തൊഴിൽ നൽകാൻ കേന്ദ്ര സർക്കാർ ഒന്നും ചെയ്യുന്നില്ല. യുവാക്കളുടെ പ്രതീക്ഷയായ സേനയിലെ അവസരവും ഇല്ലാതാക്കി. റാങ്കുമില്ല, പെൻഷനുമില്ല എന്ന അവസ്ഥയായി. ചൈന നമ്മുടെ രാജ്യത്ത് കടന്നു കയറിയപ്പോഴും മോദി മിണ്ടാതിരുന്നുവെന്നും രാഹുൽ ആരോപിച്ചു. ഇ.ഡി വിഷയം ചെറുതാണെന്നും യുവാക്കളുടെ തൊഴിലില്ലായ്മ ആണ് വലിയ വിഷയമെന്നും രാഹുൽ ഗാന്ധി പറഞ്ഞു

അതേസമയം നാഷണൽ ഹെറാൾഡ് കേസിൽ അഞ്ചു ദിവസങ്ങളിലായി 54 മണിക്കൂറാണ് ഇഡി രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തത്. ഇന്നലെ മാത്രം 12 മണിക്കൂർ ചോദ്യം ചെയ്തു. രാത്രി പതിനൊന്നരയോടെയാണ് രാഹുൽ ഇഡി ഓഫീസിൽ നിന്നും മടങ്ങിയത്.

നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് കമ്പനിയും രാഹുൽ ഡയറക്ടറായ യങ് ഇന്ത്യ ലിമിറ്റഡ് കമ്പനിയും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും, യങ് ഇന്ത്യ ലിമിറ്റഡ് കൊൽക്കത്ത ആസ്ഥാനമായുള്ള ഡോടെക്സ് മെർക്കന്റൈസ് എന്ന കമ്പനിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുമായും ബന്ധപ്പെട്ടാണ് ഇഡി രാഹുലിൽ നിന്നും വിവരങ്ങൾ തേടിയത്. ഇതുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ കൂടുതൽ സമയം രാഹുൽ തേടിയിട്ടുണ്ട്. സോണിയ ഗാന്ധിയോട് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ആരോഗ്യ പ്രശനങ്ങൾ ഉള്ളതിനാൽ സോണിയ ഹാജരാകില്ല. പകരം സമയം നീട്ടി ചോദിക്കും.