National

നാഷണല്‍ ഹെറാള്‍ഡ് കേസ്: രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും ഇ ഡി നോട്ടീസ്

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. കേസില്‍ ഇരുവരും ഈ മാസം 8ന് ഹാജരാകണം. നോട്ടീസ് ലഭിച്ചെന്ന് കോണ്‍ഗ്രസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വിരട്ടാന്‍ നോക്കേണ്ടെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ്‌സിംഗ് സുര്‍ജേവാല പ്രതികരിച്ചു.

കോണ്‍ഗ്രസിന്റെ പാര്‍ട്ടി മുഖപത്രമായിരുന്ന നാഷണല്‍ ഹെറാള്‍ഡിന്റെ ഭൂമി അനധികൃതമായി കൈമാറ്റം ചെയ്‌തെന്നാണ് കേസ്. 2012ല്‍ സുബ്രഹ്മണ്യ സ്വാമിയാണ് രാഹുലും സോണിയയും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പരാതി നല്‍കുന്നത്. 2014ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം നേതാക്കള്‍ക്ക് കേസ് വലിയ തലവേദനയാണ് സൃഷ്ടിച്ചത്.

സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അവരുടെ വിധേയരും ചേര്‍ന്ന്, കോടിക്കണക്കിനു രൂപയുടെ സ്വത്തുള്ള എ.ജെ.എല്‍ എന്ന കമ്പനിയെ യങ് ഇന്ത്യ എന്നൊരു കമ്പനി രൂപീകരിച്ച് തട്ടിയെടുത്തു എന്നാണ് സുബ്രഹ്മണ്യം സ്വാമി ആരോപിച്ചിരുന്നത്. നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് എന്ന കമ്പനിക്ക്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 90 കോടി ഇന്ത്യന്‍ രൂപ പലിശ രഹിത വായ്പയായി കൊടുത്തുവെന്നും, ഈ തുക ഇതു വരെ തിരിച്ചടച്ചിട്ടില്ലെന്നും സ്വാമിയുടെ പരാതിയില്‍ പറയുന്നു. പിന്നീട് കേസില്‍ 2015ല്‍ പട്യാല കോടതിയില്‍ നിന്ന് രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ജാമ്യമെടുത്തിരുന്നു.