National

സിബിഐയ്ക്ക് പിന്നാലെ ഇഡിയും; ഡൽഹി ഉപമുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആരംഭിച്ചു

മദ്യ നയത്തിലെ അഴിമതി ആരോപണത്തിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരെ അന്വേഷണം ആരംഭിച്ച് എൻഫോഴ്‌സ്മെന്റ് ഡയറക്ട്രേറ്റ്. കൂടുതൽ പൊതുപ്രവർത്തകർക്ക് കേസിൽ ബന്ധമുണ്ടെന്നും, അഴിമതിയുടെ വിഹിതം ലഭിച്ചിട്ടുണ്ടെന്നും ഇഡി വൃത്തങ്ങൾ വെളിപ്പെടുത്തി. കേസ് ഉടൻ രജിസ്റ്റർ ചെയ്യുമെന്നാണ് വിവരം.

മനീഷ് സിസോദിയയുടെ ഡൽഹിയിലെ വസതിയിൽ ഉൾപ്പടെ നടന്ന സിബിഐ റെയ്‌ഡിൽ നിർണായക വിവരങ്ങൾ കണ്ടെത്തിയെന്നാണ് സൂചന. ഏഴ് സംസ്ഥാനങ്ങളിലായി 31 സ്ഥലങ്ങളിലാണ് റെയ്‌ഡ് നടന്നത്. സിസോദിയയുടെ വസതിയിൽ മാത്രം 14 മണിക്കൂർ പരിശോധന നീണ്ടു. റെയ്‌ഡിന് പിന്നാലെ സിസോദിയയുടെ ലാപ്പ്‌ടോപ്പും കമ്പ്യൂട്ടറും സിബിഐ പിടിച്ചെടുത്തു.

അതേസമയം റെയ്ഡിന് പിന്നാലെ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ ഉദ്യോഗസ്ഥതലത്തിൽ വൻ അഴിച്ചുപണി നടത്തി. വെള്ളിയാഴ്ച 12 ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി ഉത്തരവിറക്കി. ഡൽഹി സർക്കാരിന്റെ സർവീസ് ഡിപ്പാർട്ട്‌മെന്റ് പുറപ്പെടുവിച്ച ട്രാൻസ്ഫർ പോസ്റ്റിംഗ് ഉത്തരവ് പ്രകാരം, സ്ഥലംമാറ്റപ്പെട്ടവരിൽ ആരോഗ്യ കുടുംബക്ഷേമ സ്‌പെഷ്യൽ സെക്രട്ടറി ഉദിത് പ്രകാശ് റായി, എജിഎംയുടി (അരുണാചൽ പ്രദേശ്-ഗോവ-മിസോറാം, കേന്ദ്ര ഭരണ പ്രദേശം) കേഡറിലെ 2007 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ എന്നിവരും ഉൾപ്പെടുന്നു.