നാല് വർഷത്തിനിടെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ജീവനക്കാരുടെ എണ്ണത്തിൽ 50 ശതമാനം വർധനയെന്ന് റിപ്പോർട്ട്. 2018ൽ സഞ്ജയ് കുമാർ മിശ്ര ഇഡി ഡയറക്ടറായി സ്ഥാനമേറ്റതിനു ശേഷം ഇഡിയിൽ കൂടുതൽ പേർ ജോയിൻ ചെയ്തു എന്നാണ് റിപ്പോർട്ട്. ദി ട്രിബ്യൂൺ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
സഞ്ജയ് മിശ്ര സ്ഥാനമേൽക്കുന്നതിനു മുൻപ് ഏജൻസിക്ക് അഞ്ച് പ്രത്യേക ഡയറക്ടർമാരും 18 ജോയിൻ്റ് ഡയറക്ടർമാരുമാണ് ഉണ്ടായിരുന്നത്. ഇവരിൽ കൂടുതൽ പേരും ഐപിഎസ് ഉദ്യോഗസ്ഥരായിരുന്നു. ഇപ്പോൾ ഇഡിക്കുള്ളത് 9 പ്രത്യേക ഡയറക്ടർമാരും 11 അഡീഷണൽ ഡയറക്ടർമാരും 36 ജോയിൻ്റ് ഡയറക്ടർമാരും 18 ഡെപ്യൂട്ടി ഡയറക്ടർമാരുമാണ്.
കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ നിന്ന് ഇഡിയിലേക്ക് ഡെപ്യുട്ടേഷൻ നൽകുന്നത് കഴിഞ്ഞ നാല് വർഷത്തിനിടെ വർധിച്ചിട്ടുണ്ട്. ഇക്കാലയളവിൽ ഇഡി തങ്ങളുടെ ഓഫീസുകളുടെ എണ്ണവും വർധിപ്പിച്ചു. മേഘാലയ, കർണാടക, മണിപ്പൂർ, ത്രിപുര, സിക്കിം എന്നിവിടങ്ങളിലും ഇപ്പോൾ ഇഡിയ്ക്ക് ഓഫീസുകളുണ്ട്.