National

ഇഡി കേസ്; സിദ്ദിഖ് കാപ്പൻ്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ഇന്ന് ലക്നൗ സെഷൻസ് കോടതി പരിഗണിക്കും. ഇഡി രജിസ്റ്റർ ചെയ്ത കേസിലാണ് സിദ്ദിഖ് കാപ്പൻ ജാമ്യം തേടിയത്. ഉത്തർപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നേരത്തെ സിദ്ദിഖിന് ജാമ്യം ലഭിച്ചിരുന്നു. ഇഡി കേസിൽ കൂടി ജാമ്യം ലഭിച്ചാൽ സിദ്ദിഖ് കാപ്പന്റെ മോചനം സാധ്യമാകും. നിലവിൽ ഉത്തർപ്രദേശിലെ മധുര സെൻട്രൽ ജയിലിലാണ് സിദ്ദിഖ് കാപ്പൻ.

രണ്ടു വർഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് മാധ്യമ പ്രവർത്തകനും പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം മുൻസെക്രട്ടറിയുമായ സിദ്ദിഖ് കാപ്പന് സുപ്രിം കോടതി ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. കാപ്പൻ ആറാഴ്ച ഡൽഹിയിൽ തുടരണം. ഡൽഹി ജംഗ്‌പുരയുടെ അധികാര പരിധിയിലാണ് കാപ്പൻ തുടരേണ്ടത്. വിചാരണ കോടതിയുടെ അനുമതിയില്ലാതെ ഡൽഹി വിട്ടുപോകാൻ പാടില്ല. ആറാഴ്ചയ്ക്ക് ശേഷം കാപ്പന് ഡൽഹി വിടാമെന്നും സുപ്രിം കോടതി പറഞ്ഞു. കേരളത്തിലെത്തിയാലും എല്ലാ തിങ്കളാഴ്ചയും സ്റ്റേഷനിലെത്തി ഒപ്പുവെക്കണം. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ പാസ്പോർട്ട് സമർപ്പിക്കണമെന്നും കോടതി പറഞ്ഞു.