Business National

സാമൂഹ്യ സുരക്ഷാ പെന്‍ഷനും പ്രസവാനുകൂല്യങ്ങളും കൂട്ടണം; സാമ്പത്തിക വിദഗ്ധരുടെ ബജറ്റ് നിര്‍ദേശങ്ങള്‍

ഇത്തവണത്തെ കേന്ദ്രബജറ്റിന് മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമന് സാമ്പത്തിക വിദഗ്ധര്‍ അയച്ച കത്തിലെ വിവരങ്ങള്‍ പുറത്ത്. സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കണമെന്നും പ്രവസാനുകൂല്യങ്ങള്‍ക്ക് അധിക തുക അനുവദിക്കണമെന്നും 51 പ്രമുഖ സാമ്പത്തിക വിദഗ്ധര്‍ അയച്ച കത്തില്‍ പറയുന്നു.

ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്സിലെ ഓണററി പ്രൊഫസര്‍ ജീന്‍ ഡ്രെസ്, കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി ബെര്‍ക്ക്ലി എമറിറ്റസ് ഓഫ് ഇക്കണോമിക്സ് പ്രൊഫസര്‍ പ്രണബ് ബര്‍ധന്‍, ഐഐടി ഡല്‍ഹി ഇക്കണോമിക്സ് പ്രൊഫസര്‍ ആര്‍ നാഗരാജ്, ജെഎന്‍യു പ്രൊഫസര്‍ എമറിറ്റസ് സുഖദേവ് തൊറാട്ട് എന്നിവരടങ്ങിയ സംഘമാണ് കത്തയച്ചത്.

ദേശീയ വാര്‍ദ്ധക്യ പെന്‍ഷന്‍ പദ്ധതിക്ക് കീഴിലുള്ള വാര്‍ദ്ധക്യ പെന്‍ഷനുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വിഹിതം 2006 മുതല്‍ ഒരാള്‍ക്ക് പ്രതിമാസം 200 രൂപയായി തുടരുകയാണ്. 7,560 കോടി രൂപ ഇതിനായി അധിക ബജറ്റ് വിഹിതം ആവശ്യമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. വിധവാ പെന്‍ഷന്‍ പ്രതിമാസം 300 രൂപയില്‍ നിന്ന് 500 രൂപയായി വര്‍ധിപ്പിക്കണം. ഇതിന് 1,560 കോടി രൂപ കൂടി വേണ്ടിവരും.

പ്രസവ ആനുകൂല്യമായി കുറഞ്ഞത് 8,000 കോടി രൂപ വേണം. ഒരു സ്ത്രീക്ക് ഒരു കുട്ടിക്കുള്ള പ്രസവാനുകൂല്യമേ കിട്ടൂ എന്ന നിയമവിരുദ്ധമായ നിയന്ത്രണം നീക്കണം എന്നും സാമ്പത്തിക വിദഗ്ധരുടെ നിര്‍ദേശങ്ങളില്‍ പറയുന്നു.

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ഇന്ന് ധനമന്ത്രി നിര്‍മല സീതരാമന്‍ അവതരിപ്പിക്കും. കൊവിഡ് സൃഷ്ടിച്ച മാന്ദ്യത്തില്‍ നിന്ന് ഇന്ത്യന്‍ സാമ്പത്തിക രംഗം കരകയറി എന്നാണ് സാമ്പത്തിക സര്‍വേയില്‍ വ്യക്തമാക്കിയത്. നികുതി പരിഷ്‌കാരം ഉള്‍പ്പടെ നിരവധി ആശ്വാസ നയങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതു തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യം വച്ചുള്ള ജനപ്രിയ പ്രഖ്യാപനങ്ങളും ബജറ്റില്‍ ഉണ്ടായേക്കും.