National

ചരിത്രമെഴുതി ‘കൊവിഡ് പോരാളി’ ആസിമ; ആദ്യ മുസ്‌ലിം വനിതാ പ്രിൻസിപ്പൽ


ബെംഗളൂരു മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ മുസ്‌ലിം വനിത പ്രിൻസിപ്പലായി ഡോ. ആസിമ ബാനു. കൊവിഡ് കാലത്ത് ആരോഗ്യപരിചരണ രംഗത്തെ ഇടപെടലിലൂടെ വാർത്തകളിൽ നിറഞ്ഞയാളാണ് ഡോ. ആസിമ ബാനു.

2020ലാണ് ആസിമ ബാനുവിന്റെ സേവനപ്രവർത്തനങ്ങൾ മാധ്യമശ്രദ്ധ നേടുന്നത്. ഈ സമയത്ത് വിക്ടോറിയ ഹോസ്പിറ്റൽ ട്രോമ കെയർ സെന്ററിൽ കൊവിഡ് വാർഡ് നോഡൽ ഓഫിസറായിരുന്നു അവർ.

എല്ലാവരും ഭയന്നുമാറിയ സമയത്ത് കൊവിഡ് രോഗികളുടെ പരിചരണം നേരിട്ട് ഏറ്റെടുക്കുകയും രോഗികളുടെ പരിചരണത്തിനായി നവീനമായ നടപടികൾ കൈക്കൊള്ളുകയും ചെയ്താണ് വാർത്താതാരമാകുന്നത്.

ബി.എം.സി.ആർ.ഐയിൽ ആതുരസേവനത്തിന്റെ 23 വർഷം പിന്നിടുകയാണ് ആസിമ ബാനു. ബെംഗളൂരു മെഡിക്കൽ കോളജിൽനിന്നു തന്നെയാണ് ബിരുദവും ബിരുദാനന്തര ബിരുദവും നേടുന്നത്. 1990കളിൽ ഇവിടെത്തന്നെ നിയമനവും ലഭിച്ചു. 2000ത്തിൽ മൈക്രോബയോളജി വിഭാഗം ഫാക്കൽറ്റിയായി.

പിന്നീട് ക്വാളിറ്റി സൂപർവൈസർ, ഇൻഫെക്ഷൻ കൺട്രോൾ ഓഫിസർ, ബൗറിങ് ആശുപത്രയിൽ മൈക്രോബയോളജി വിഭാഗം മേധാവി, മെഡിക്കൽ എജ്യുക്കേഷൻ വിഭാഗം കൺവീനർ, നോഡൽ ഓഫിസർ തുടങ്ങിയ സ്ഥാനങ്ങളെല്ലാം വഹിച്ചിട്ടുണ്ട്.