ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈക്കോടതി വിധിക്കെതിരായ ഹർജികൾ അടിയന്തരമായി കേൾക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. പരീക്ഷയും ഹിജാബും തമ്മിൽ ബന്ധമില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അഭിപ്രായപ്പെട്ടു. സ്‌കൂളുകളിലും കോളജുകളിലും പരീക്ഷകൾ ആരംഭിക്കാനിരിക്കെ വിഷയം അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.
വിഷയം കൂടുതൽ പ്രക്ഷുബ്ദമാക്കരുതെന്ന് ചീഫ് ജസ്റ്റിസ് നിർദേശിച്ചു. ഹൈക്കോടതി വിധിക്കെതിരെ നിബ നാസ്, ഐഷ ഷിഫത് എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹിജാബ് ധരിക്കുന്നത് ഇസ്ലാം മത ആചാരത്തിന്റെ അഭിഭാജ്യ ഘടകമല്ലെന്ന ഹൈക്കോടതി വിധി തെറ്റാണെന്ന് ഹർജിക്കാർ പറയുന്നു. നേരത്തെ കർണാടക ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുള്ള അപ്പീൽ ഹോളി അവധിക്ക് ശേഷം പരിഗണിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു.
ഹിജാബ് ധരിക്കുന്നത് ഇസ്‌ലാമിലെ അനിവാര്യ മതാചാരമല്ലെന്നു വിലയിരുത്തിയാണ് കര്‍ണാടക ഹൈക്കോടതി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് ശരിവച്ചത്. യൂണിഫോം ഉള്ള സ്ഥാപനങ്ങളില്‍ അതിനെ ചോദ്യം ചെയ്യാനാവില്ലെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. യൂണിഫോം ഏര്‍പ്പെടുത്തുന്നത് മൗലികാവകാശത്തിന്റെ ലംഘനമാണെന്നു കരുതാനാവില്ലെന്നുമായിരുന്നു കോടതിയുടെ പരാമര്‍ശം..