തമിഴ്‌നാട് ചെന്നൈയില്‍ ഡിഎംകെ മുന്‍ എംപിയെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍. ന്യൂനപക്ഷ കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ കൂടിയായിരുന്ന എം ഡി മസ്താനെ കൊലപ്പെടുത്തിയ കേസിലാണ് സഹോദരന്‍ ഗൗസ് പാഷയെ ഗുഡുവഞ്ചേരി പൊലീസ് അറസ്റ്റു ചെയ്തത്. കുടുംബസ്വത്ത് ഭാഗം വയ്ക്കുന്നതിലെ തര്‍ക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്.
ഡിസംബര്‍ 22നാണ് മസ്താനെ മരിച്ച നിലയില്‍, ഡ്രൈവറും ബന്ധുവും ചേര്‍ന്ന് ചെങ്കല്‍പേട്ടിലെ ആശുപത്രിയില്‍ എത്തിയ്ക്കുന്നത്. ഹൃദയാഘാതമുണ്ടായി എന്നായിരുന്നു ഇവര്‍ പറഞ്ഞത്. സംസ്‌കാര ചടങ്ങിനിടെ, മസ്താന്റെ മുഖത്തും മൂക്കിലും പരുക്കുള്ളത് ശ്രദ്ധിച്ച മകനാണ് ഗുഡുവഞ്ചേരി പൊലിസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞു. മസ്താന്റെ ഡ്രൈവര്‍ ഇമ്രാന്‍, ബന്ധു സുല്‍ത്താന്‍,നാസര്‍ തുടങ്ങി അഞ്ചു പേരെ അന്നു അറസ്റ്റു ചെയ്തിരുന്നു.
ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത് സഹോദരന്‍ തന്നെയാണെന്ന് പൊലിസ് കണ്ടെത്തിയത്. ചെങ്കല്‍പേട്ടില്‍ നിന്നുള്ള യാത്രയ്ക്കിടെ, ഗുഡുവഞ്ചേരിയിലെ ആളൊഴിഞ്ഞ സ്ഥലത്തു വച്ച് മസ്താനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതികള്‍ സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയ ഗൗസ് പാഷയെ റിമാന്‍ഡു ചെയ്തു.