National

ആംബുലന്‍സും ബസും ഉള്‍പ്പെടെ വന്ന എല്ലാ വണ്ടിയും തടഞ്ഞു, കല്ലെറിഞ്ഞു; മദ്യപിച്ച് ബോധമില്ലാതെ 19വയസുകാരന്റെ പരാക്രമം

തമിഴ്‌നാട് ദിണ്ടിഗലില്‍ മദ്യപിച്ച് ലക്കുകെട്ട യുവാവിന്റെ പരാക്രമം. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തടഞ്ഞ പത്തൊന്‍പതുകാരന്‍ വാഹനങ്ങളുടെ ചില്ലുകളും തകര്‍ത്തു. നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടിയ യുവാവിനെ പിന്നീട് പൊലിസില്‍ ഏല്‍പിച്ചു.

നട്ടുച്ച നേരത്താണ് യുവാവ് ബോധമില്ലാതെ അതിക്രമം കാട്ടിയത്. വേദസന്ധൂര്‍ ബസ് സ്റ്റാന്‍ഡിനു മുന്നിലായിരുന്നു പ്രകടനം. അരമണിക്കൂറില്‍ അധികം യുവാവ് അക്രമം തുടര്‍ന്നു. ആംബുലന്‍സും ബസുകളും ഇരുചക്ര വാഹനങ്ങളുമെല്ലാം തടഞ്ഞു. നാട്ടുകാര്‍ നേക്കി നിന്നതല്ലാതെ ആരും ഇടപെട്ടില്ല. എല്ലാ വാഹനങ്ങളും തടയുകയും ചില വാഹനങ്ങളുടെ ചില്ല് തകര്‍ക്കുകയും ചെയ്തു. ഇതോടെ, പ്രദേശത്തുണ്ടായിരുന്ന ഒരു വയോധികന്‍ യുവാവിനെ പിടിച്ചു. അപ്പോഴേയ്ക്കും നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇരുചക്ര വാഹനത്തില്‍ ഒരു പൊലിസുകാരനെത്തി.

നാട്ടുകാരെ സമാധാനിപ്പിച്ച് യുവാവുമായി ബൈക്കില്‍ പോകാന്‍ തുടങ്ങുമ്പോള്‍ ഇയാള്‍ വീണ്ടും ബഹളം വച്ചു. ഇതോടെ, നാട്ടുകാര്‍ അക്രമാസക്തരായി പൊലിസിനു മുന്നില്‍ വച്ച് യുവാവിനെ മര്‍ദിച്ചു. ചിലര്‍ ഇടപെട്ട് വേഗത്തില്‍ യുവാവിനെയും പൊലിസുകാരനെയും അവിടെ നിന്നും പൊലിസ് സ്റ്റേഷനിലേയ്ക്ക് അയച്ചു. സ്റ്റേഷനില്‍ എത്തി ചോദ്യം ചെയ്തതില്‍ നിന്നും രാജ എന്നാണ് പേരെന്നും താരാപുരത്ത് ജോലി ചെയ്യുകയാണെന്നും ബോധ്യപ്പെട്ടു. അവധിയ്ക്ക് നാട്ടില്‍ എത്തിയപ്പോള്‍ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ച് ബോധം പോയതാണെന്നും പത്തൊന്‍പതുകാരന്‍ പൊലിസിനെ അറിയിച്ചു. ഇതോടെ, കേസെടുക്കാതെ ഇയാളെ താക്കീതു ചെയ്ത് വിട്ടയക്കുകയായിരുന്നു.