National

കരകവിഞ്ഞ് യമുന; പ്രളയക്കെടുതിയില്‍ ഡൽഹി, ജാഗ്രത


ഡൽഹിയിൽ യമുനാ നദിയിലെ ജലനിരപ്പിൽ നേരിയ കുറവ്. 208.63 മീറ്ററാണ് നിലവിലെ ജലനിരപ്പ്. എന്നാൽ ഡൽഹി നഗരത്തിൽ ജലം ഒഴുകിയെത്തുന്നത് തുടരുകയാണ്.വെള്ളപ്പൊക്കം തുടരുന്ന സാഹചര്യത്തിൽ അതീവ ജാ​ഗ്രതയിലാണ് ഡൽഹി. ഇന്ന് മുതൽ യമുനയിലെ ജലനിരപ്പ് കുറയുമെന്നാണ് കേന്ദ്ര ജല കമ്മീഷന്റെ പ്രവചനം.

സുപ്രിംകോടതി പരിസരത്ത് വരെ വെള്ളം എത്തി. മഥുര റോഡിന്റെയും ഭഗ്‍വൻ ദാസ് റോഡിന്‍റെയും ചില ഭാഗങ്ങളിൽ വെള്ളം കയറി. ഡല്‍ഹി നഗരത്തെ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളില്‍ വെള്ളം കയറിയതോടെ ഗതാഗതവും സ്തംഭിച്ചു.

ഹരിയാണ ഹത്‌നികുണ്ഡ് അണക്കെട്ട് തുറന്നു വിട്ടതിനെ പിന്നാലെയാണ് യമുനയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നത്. ഇതെ തുടര്‍ന്ന് ഡല്‍ഹി പ്രളയഭീഷണിയിലാണെന്നും അണക്കെട്ട് തുറക്കുന്നതില്‍ ഇടപെടണമെന്ന് കെജ്‌രിവാള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അണക്കെട്ടില്‍ നിന്നുള്ള അധിക ജലം തുറന്നു വിടാതെ നിര്‍വാഹമില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി.

ജലനിരപ്പുയര്‍ന്നതിന് പിന്നാലെ യമുന നദീതീരത്ത് താമസിക്കുന്നവര്‍ എത്രയും വേഗം വീടുകളൊഴിഞ്ഞ് ക്യാമ്പുകളിലേക്ക് മാറണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പ്രളയഭീഷണി നേരിടുന്ന പ്രദേശങ്ങളിലുള്ളവരെ നഗരത്തിന്റെ പല ഭാഗങ്ങളിലായി ക്രമീകരിച്ച ദുരിതാശ്വാസ ക്യാമ്പുകളിലേക്കും സാമൂഹിക കേന്ദ്രങ്ങളിലേക്കും മാറ്റും. പ്രളയസാധ്യതാ പ്രദേശങ്ങള്‍ നിരീക്ഷിക്കുന്നതിനായി 16 കണ്‍ട്രോള്‍ റൂമുകളും ഡല്‍ഹി സര്‍ക്കാര്‍ തുറന്നു.

ഇതിനിടെ ഫ്രാൻസിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രി അമിത് ഷാ, ഡൽഹി ലഫ്റ്റനന്റ് ഗവർണർ എന്നിവരെ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. എൻ.ഡി.ആർ.എഫ് ടീമിന്റെ വിന്യാസമടക്കമുള്ള കാര്യങ്ങൾ അമിത് ഷാ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. 23692 പേരെയാണ് ഇതുവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്.