National

ഡല്‍ഹി സ്ഫോടനം; വിമാനത്താവളങ്ങള്‍ക്കും സർക്കാർ കെട്ടിടങ്ങള്‍ക്കും സുരക്ഷാ മുന്നറിയിപ്പ്

ഇന്ന് വൈകിട്ടാണ് ഡല്‍ഹി ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം നടന്നത്.

ഡൽഹിയിൽ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം നടന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങള്‍ക്കും പ്രധാന പൊതുവിടങ്ങള്‍ക്കും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും സുരക്ഷാ മുന്നറിയിപ്പ് നല്‍കി. സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്) ആണ് മുന്നറിയിപ്പ് പുറപ്പെടുവിപ്പിച്ചത്. ഉയര്‍ന്ന സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചതായി സി.ഐ.എസ്.എഫ് അറിയിച്ചു.

ഇന്ന് വൈകിട്ടാണ് ഡല്‍ഹി ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം നടന്നത്. സ്ഫോടനത്തെ തുടർന്ന് അഞ്ചു കാറുകളുടെ ചില്ലുകൾ തകർന്നു. എംബസിക്കു പുറത്തെ നടപ്പാതയിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ആളപായമില്ല. ദില്ലി പൊലീസും രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ഒരു കുപ്പിയിൽ വെച്ച സ്ഫോടകവസ്തുകൾ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പൊട്ടിത്തെറിച്ചത് തീവ്രത കുറഞ്ഞ ഐ.ഇ.ഡിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങി വി.വി.ഐ.പികളും സേനാതലവൻമാരും പങ്കെടുക്കുന്ന ‘ബീറ്റിംഗ് ദ റീട്രീറ്റ്’ പരിപാടി രാജ്പഥിൽ പുരോഗമിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്.