ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ കൊക്കെയ്ൻ വേട്ട. 15 കോടി വിലമതിക്കുന്ന ഒരു കിലോഗ്രാം കൊക്കെയ്ൻ കസ്റ്റംസ് പിടിച്ചെടുത്തു. കള്ളക്കടത്തിൽ സിംബാബ്‌വെ സ്വദേശിനിയെ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്‌റ്റാൻസസ് (എൻഡിപിഎസ്) ആക്‌ട് പ്രകാരം അറസ്റ്റ് ചെയ്തു.
അഡിസ് അബാബയിൽ നിന്ന് ഇ.ടി-688 വിമാനത്തിലാണ് സിംബാബ്‌വെ സ്വദേശിനി ഡൽഹിയിൽ എത്തിയത്. 1015 ഗ്രാം കൊക്കെയ്ൻ ഡൽഹി എയർപോർട്ട് കസ്റ്റംസ് ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുത്തു. ചെരുപ്പിനുള്ളിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചതെന്നാണ് വിവരം. ജൂലൈ 13ന് വിയറ്റ്നാമിൽ നിന്ന് എത്തിയ ഇന്ത്യൻ ദമ്പതികളെ ഐജിഐ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ബാഗുകളിൽ നിന്ന് 22 ലക്ഷം രൂപ വിലമതിക്കുന്ന 45 തോക്കുകൾ പിടികൂടുകയും ചെയ്തു.