National

അതിർത്തി കടന്നുള്ള ഇന്ത്യ ബംഗ്ലാദേശ് ബസ് സർവീസ് പുനരാരംഭിച്ചു

ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി കടന്നുള്ള ബസ് സർവീസ് പുനരാരംഭിച്ചു. ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരാണ് ക്രോസ്-ബോർഡർ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തത്. കൊവിഡിനെ തുടർന്ന് രണ്ട് വർഷമായി ധാക്ക-കൊൽക്കത്ത-ധാക്ക സർവീസ് താൽക്കാലികമായി നിർത്തിയിരുന്നു.

ധാക്ക-സിൽഹത്-ഷില്ലോങ്-ഗുവാഹത്തി-ധാക്ക റൂട്ട് ഒഴികെ മറ്റ് 4 റൂട്ടുകളിലും സർവീസ് പുനരാരംഭിച്ചു. രാവിലെ 7ന് ബംഗ്ലാദേശിൽ നിന്നുള്ള ആദ്യ ട്രിപ്പ് ധാക്കയിലെ മോത്തിജീലിൽ നിന്ന് യാത്ര തിരിച്ചു. ധാക്ക മുതൽ കൊൽക്കത്ത വരെ ഏകദേശം 500 കിലോമീറ്റർ ദൂരമുണ്ട്. 20 മണിക്കൂറിലധികം യാത്ര ചെയ്യേണ്ടി വരും. ഇന്ത്യയിൽ നിന്നുള്ള ബസ് ധാക്ക വഴി അഗർത്തലയിലേക്കാണ് പോകുന്നത്.

ധാക്കയിലേക്ക് പോകുന്ന ബസുകൾ കൃഷ്ണനഗറിലെ ത്രിപുര റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ കൗണ്ടറിൽ ലഭ്യമാണ്. ടിക്കറ്റ് എടുക്കാൻ പാസ്‌പോർട്ട്, ട്രാൻസിറ്റ് വിസ തുടങ്ങിയ രേഖകൾ കരുതണം. കൊൽക്കത്തയിൽ നിന്ന് ധാക്കയിലേക്കുള്ള യാത്രാ നിരക്ക് ഒരു യാത്രക്കാരന് 2,300 രൂപയും, ത്രിപുരയിൽ നിന്ന് ധാക്കയിലേക്ക് 1000 രൂപയുമാണ്. മെയ് 29ന് കൊൽക്കത്തയ്ക്കും ധാക്കയ്ക്കും ഇടയിലുള്ള ട്രെയിൻ സർവീസ് പുനരാരംഭിച്ചിരുന്നു.