National

രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; രണ്ടായിരത്തിലധികം പുതിയ കേസുകള്‍

രാജ്യത്തെ കൊവിഡ് കേസുകളില്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ചത് 2067 പേര്‍ക്കാണ്. ഇതോടെ സജീവ കേസുകളുടെ എണ്ണം 12,340 ആയി.

വര്‍ധിച്ചുവരുന്ന കൊവിഡ് കേസുകള്‍ കണക്കിലെടുത്ത് ഡല്‍ഹി, ഹരിയാന, മിസോറാം, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ നിര്‍ദ്ദേശം നല്‍കി. വൈറസിന്റെ വ്യാപനം നിരീക്ഷിക്കാനും ആവശ്യമായ നടപടികള്‍ കൈക്കൊള്ളാനും ആരോഗ്യ സെക്രട്ടറി നിര്‍ദേശിച്ചു.

24 മണിക്കൂറിനിടെ 1547ഓളം പേരാണ് കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയത്. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 4.25 ലക്ഷമായി ഉയര്‍ന്നു. 83.29 കോടി കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടന്നത്. ഇന്നലെ മാത്രം 4.21 ലക്ഷം പേരുടെ സാമ്പിളുകള്‍ പരിശോധിച്ചു.

186.72 കോടിയിലധികം ഡോസ് കൊവിഡ് വാക്‌സിനുകളാണ് ഇതുവരെ വിതരണം ചെയ്തത്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി 192.27 കോടിയിലധികം വാക്‌സിന്‍ ഡോസുകളാണ് കേന്ദ്രം നല്‍കിയത്. അതേസമയം 20.33 കോടി വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ലഭ്യമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.