National

കോൺഗ്രസ് പ്രാദേശിക പാർട്ടിയാകാനുള്ള പാതയിൽ: അശ്വനി കുമാർ

കോൺഗ്രസ് കേവലം പ്രാദേശിക സംഘടനയായി ചുരുങ്ങുകയാണെന്ന് മുൻ കേന്ദ്രമന്ത്രി അശ്വനി കുമാർ. പാർട്ടിയുടെ ദുരവസ്ഥയിൽ സന്തുഷ്ടനല്ല. ഭാവിയിൽ കോൺഗ്രസിൻ്റെ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഏറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ പ്രതികരിക്കുകയായിരുന്നു മുൻ കേന്ദ്രമന്ത്രി. അടുത്തിടെയാണ് അശ്വനി കുമാർ കോൺഗ്രസ് വിട്ടത്.

രാജ്യത്ത് ഉയർന്നുവരുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത് കോൺഗ്രസ് പ്രാദേശിക പാർട്ടിയായി മാറും. ഭാവിയിൽ പാർട്ടിയുടെ സംഭാവന നിസ്സാരമായിരിക്കും. കോൺഗ്രസ് പാർട്ടിയിൽ അന്തസ്സോടെ പ്രവർത്തിക്കാൻ കഴിയാത്തതിനാലാണ് പാർട്ടി വിട്ടതെന്നും മുൻ കേന്ദ്രമന്ത്രി എഎൻഐയോട് വ്യക്തമാക്കി. പഞ്ചാബിലെ ആം ആദ്മി പാർട്ടിയുടെ (എഎപി) പ്രകടനത്തെ അഭിനന്ദിച്ച അദ്ദേഹം, ഫലങ്ങൾ രാഷ്ട്രീയ ഭൂപ്രകൃതിയെ മാറ്റിമറിക്കുമെന്നും പറഞ്ഞു.

“പഞ്ചാബിൽ ആം ആദ്മി പാർട്ടി സർക്കാർ വരുമെന്ന് നേരത്തെ പറഞ്ഞിരുന്നു. സ്ഥാപിത രാഷ്ട്രീയ പാർട്ടികളെ ജനങ്ങൾക്ക് മടുത്തുവെന്നാണ് ഇത് കാണിക്കുന്നത്. വിധി നിർണ്ണയിച്ചത് യുവ ഇന്ത്യയും പുതിയ രാഷ്ട്രീയവും സ്വപ്നം കാണുന്ന ആളുകൾ ആണ്” അദ്ദേഹം കൂട്ടിച്ചേർത്തു. “ഝാഡുവിനും അരവിന്ദ് കെജ്രിവാളിനും ജനങ്ങൾ വോട്ട് ചെയ്തു. ഡൽഹിയിൽ ചെയ്ത പ്രവർത്തനങ്ങൾ അദ്ദേഹത്തിന് വോട്ട് നേടിക്കൊടുത്തു” അശ്വനി കുമാർ കൂട്ടിച്ചേർത്തു.