National

കർണാടകയിൽ മുഖ്യമന്ത്രി ആര്? ഡി.കെ ശിവകുമാറിനെ വീണ്ടും ഡൽഹിയിലേയ്ക്ക് വിളിപ്പിച്ച് കോൺഗ്രസ് ദേശീയ നേതൃത്വം

കർണാടകയിൽ മുഖ്യമന്ത്രി ആരെന്നുള്ള കോൺഗ്രസ് തീരുമാനം നീളുന്നതിനിടെ ഡി.കെ ശിവകുമാറിനെ ഡൽഹിയിലേയ്ക്ക് വീണ്ടും വിളിപ്പിച്ച് കോൺഗ്രസ് ദേശീയ നേതൃത്വം. നിയമസഭാ കക്ഷി നേതാവിനെ പ്രഖ്യാപിയ്ക്കുന്നതിന് മുന്നോടിയായാണ് നടപടി. ഇന്നുതന്നെ ഡൽഹിയിൽ എത്താനാണ് നിർദ്ദേശിച്ചിട്ടുള്ളത്. ഇന്നലത്തെ ഡൽഹി യാത്ര ഡി.കെ ശിവകുമാർ റദ്ദാക്കിയിരുന്നു. 

ഡൽഹിയിലെത്താൻ തനിക്ക് ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞാണ് ഡി കെ ശിവകുമാർ തന്റെ ഡൽഹി യാത്ര നാടകീയമായി റദ്ദാക്കിയിരുന്നത്. ഡി കെ ശിവകുമാറുമായി സോണിയാ ഗാന്ധി ഉൾപ്പെടെയുള്ളവർ ചർച്ച നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

കർണാടക മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള തർക്കത്തിൽ ചർച്ചകൾക്കായി ഇന്നലെ വൈകിട്ട് ഡൽഹിയിലേക്ക് പോകുമെന്ന് പറഞ്ഞ ഡി കെ, മണിക്കൂറുകൾക്കുള്ളിൽ തീരുമാനം മാറ്റിയിരുന്നു. ആരോഗ്യസ്ഥിതി മോശമാണെന്നും അതിനാൽ ഉടൻ ഡെൽഹിക്ക് പോവാനില്ലെന്നും ഡി കെ ശിവകുമാർ വ്യക്തമാക്കിയിരുന്നു. വയറിൽ അണുബാധയുണ്ടെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.

അതിനിടെ മുതിർന്ന നേതാവ് സിദ്ധരാമയ്യ ഡൽഹിയിലെത്തി കോൺഗ്രസ് നേതാക്കളുമായി പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കിയിരുന്നു. എഐസിസി നിരീക്ഷകരുമായി എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ കൂടിയാലോചന നടത്തി.

സിദ്ധരാമയ്യ മുഖ്യമന്ത്രിയാകാൻ നിലവിൽ 85 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് നിരീക്ഷകർ ഹൈക്കമാൻഡിനെ അറിയിച്ചത്. കർണാടകയിലെ കരുത്തനായ മറ്റൊരു നേതാവായ ഡി കെ ശിവകുമാറിന് 45 പേരുടെ പിന്തുണയുണ്ടെന്നും നിരീക്ഷകർ അറിയിച്ചു. സാഹചര്യങ്ങൾ വിലയിരുത്തി മല്ലികാർജുൻ ഖർഗെയ്ക്ക് എഐസിസി നിരീക്ഷകർ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.