National

മുസ്ലീം ആശാ പ്രവർത്തകർക്ക് ഉംറ യാത്ര സംഘടിപ്പിച്ച് കോൺഗ്രസ് എംഎൽഎ

കർണാടകയിൽ മുസ്ലീം ആശാ പ്രവർത്തകർക്കായി ഉംറ തീർത്ഥാടനം ഒരുക്കി കോൺഗ്രസ് എംഎൽഎ. ചാമരാജ്‌പേട്ട് എം.എൽ.എ സമീർ അഹമ്മദ് ഖാനാണ് 16 ആശാ പ്രവർത്തകർക്ക് ഉംറ യാത്ര സാധ്യമാക്കുന്നത്. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിദേശ കറൻസി വിതരണം ചെയ്ത് എംഎൽഎ വോട്ടർമാരെ സ്വാധീനിക്കുകയാണ് ബിജെപി ആരോപിച്ചു.

ശനിയാഴ്ച ജഗ്ജീവൻ റാം നഗർ വാർഡ് ഓഫീസിൽ നടന്ന പരിപാടിയിൽ ഓരോരുത്തർക്കും 500 സൗദി റിയാൽ (11,097 രൂപ) അദ്ദേഹം വിതരണം ചെയ്തു. തീർഥാടകർക്ക് പണത്തിന് പുറമെ ദേശീയ യാത്രാ കിറ്റുകളും എം.എൽ.എ നൽകി. പരിപാടിയുടെ വിശദംശങ്ങൾ എംഎൽഎ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി അധികാരത്തിൽ വന്നാൽ ഓരോ ഗൃഹനാഥയായ സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ നൽകുമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തതിന് തൊട്ടുപിന്നാലെയാണിത്.

വിദേശ കറൻസി വിതരണം ചെയ്ത് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ച എംഎൽഎക്കെതിരെ ബിജെപി നടപടി ആവശ്യപ്പെട്ടു. പൊലീസ് സ്വമേധയാ കേസെടുത്ത് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. അതേസമയം കോൺഗ്രസ് നേതാവ് സംഘടിപ്പിച്ച പരിപാടിയെക്കുറിച്ച് അറിയില്ലെന്ന് ആശ വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ സോമശേഖർ പ്രതികരിച്ചു.