പ്രതിപക്ഷ സഖ്യ പ്രമേയം ഇന്ന് കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ അവതരിപ്പിക്കും. വരാനിരിക്കുന്ന നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി സമാനമനസ്കരുമായി യോജിച്ച് പോകാമെന്ന നിർദേശമാകും പ്രമേയത്തിലുയരുക. ഇതിന് പുറമെ, സാമ്പത്തികം, വിദേശകാര്യ വിഷയങ്ങളിലും പ്രമേയങ്ങൾ അവതരിപ്പിക്കും. മല്ലികാർജ്ജുൻ ഖർഗയെ പാർട്ടി അധ്യക്ഷനായി തെരഞ്ഞെടുത്ത നടപടിക്ക് പ്ലീനറി സമ്മേളനം അംഗീകാരം നൽകും.
ഇതിനിടെ കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് നാമനിർദേശം ചെയ്യാനുള്ള തീരുമാനത്തിൽ രൂക്ഷ വിമർശനവുമായി കാർത്തി ചിദംബരം രംഗത്തുവന്നു. തെരഞ്ഞെടുപ്പ് വേണ്ട എന്നത് കൂട്ടായ തീരുമാനമല്ല. നോമിനേഷൻ രീതിക്കെതിരെ എതിർപ്പ് ഉയർന്നിരുന്നു.
അതേസമയം മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ഇന്ന് റായ്പൂരിൽ നടക്കുന്ന കോൺഗ്രസ് പ്ലീനറിയോഗത്തിൽ പങ്കെടുക്കില്ല. പാർട്ടിയുടെ വർക്കിങ് കമ്മിറ്റി തെരഞ്ഞെടുപ്പാണ് യോഗത്തിന്റെ മുഖ്യ അജണ്ട. വർക്കിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് സ്വതന്ത്രമായി നൽകുന്നതിനു വേണ്ടിയാണ് ഗാന്ധി കുടുംബം വിട്ടുനിൽക്കുന്നത്. ഒരു തരത്തിലും ആ തെരഞ്ഞെടുപ്പുകളിൽ സ്വാധീനമുണ്ടാകാതിരിക്കാനാണ് യോഗം ഒഴിവാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.