National

പൗരത്വ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി

പൗരത്വ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി. ഏഴ് മണിക്കൂറിലേറെ നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രതിപക്ഷത്തിന്റെ കടുത്ത വിമര്‍ശനങ്ങളെയും പ്രതിഷേധങ്ങളെയും അവഗണിച്ചാണ് ബില്‍ പാസാക്കിയത്. 80ന് എതിരെ 311 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്.

പാകിസ്താന്‍, ബംഗ്‌ളാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും എത്തുന്ന അമുസ്‍ലിംകളായ അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് ബില്ലിലെ വിവാദ ഭേദഗതി. ഈ രാജ്യങ്ങളില്‍ ഇസ്‌ലാം മതാടിസ്ഥാനത്തിലുള്ള ഭരണഘടനകളുള്ളത് കൊണ്ട് അവിടെ നിന്നുള്ള മുസ്‌ലിംകളെ ബില്ലില്‍ ഉള്‍പ്പെടുത്തേണ്ട കാര്യമില്ലെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ വ്യക്തമാക്കിയത്.

ഇന്ത്യയിലെ ജനങ്ങളെ മതപരമായി വിഭജിക്കുന്ന നിയമ നിര്‍മ്മാണമാണ് ഭേദഗതിയിലൂടെ ബി.ജെ.പി നടപ്പിലാക്കുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നാകെ ഉന്നയിച്ചു. ഇതിന് പിന്നാലെ എ.ഐ.എം.ഐ.എം നേതാവ് അസദുദീന്‍ ഉവൈസി വിവാദ ബില്‍ സഭയില്‍ കീറിയെറിഞ്ഞു. രാഷ്ട്രീയ അജണ്ടകളില്ലന്നും ഒരു മതത്തിനും ബില്‍ എതിരല്ലന്നും അമിത് ഷാ വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷ വിമര്‍ശനം തുടര്‍ന്നു.

ഏഴ് മണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ കൊണ്ടു വന്ന ഭേദഗതികള്‍ തള്ളിയതിന് പിന്നാലെ വോട്ടെടുപ്പിന് സ്പീക്കര്‍ അനുമതി നല്‍കി. 80ന് എതിരെ 311 വോട്ടുകള്‍ക്ക് രാത്രി ഏറെ വൈകി ബില്ല് പാസായതോടെ സഭയില്‍ ഭരണ പക്ഷത്തിന്റെ ആഹ്ലാദ പ്രകടനം. എ.ഐ.ഡി.എം.കെ, ജനതാദള്‍ യു, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ടി.ഡിപി തുടങ്ങിയ പാര്‍ട്ടികള്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ കോണ്‍ഗ്രസ്, ഡി.എം.കെ, ശിവസേന, തൃണമൂല്‍ കോണ്‍ഗ്രസ്, മുസ്‍ലിം ലീഗ്, സി.പി.എം, സി.പി.ഐ തുടങ്ങിയവര്‍ എതിര്‍ത്ത് വോട്ട് ചെയ്തു.