National

അരുണാചല്‍ പ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് മാറ്റി; വീണ്ടും പ്രകോപനവുമായി ചൈന

അരുണാചല്‍ പ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് മാറ്റിയെന്ന് ചൈന. ചൈനയുടെ സിവില്‍ അഫയേഴ്‌സ് മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അഞ്ച് മലകളുടെയും രണ്ട് നദികളുടെയും രണ്ട് ജനവാസ മേഖലയുടെയും പേര് മാറ്റിയെന്നാണ് വാദം. ഇന്ത്യയുടെ ഭാഗമായ അരുണാചല്‍പ്രദേശ് സൗത്ത് ടിബറ്റ് ആണെന്ന വാദം ഉന്നയിച്ചാണ് നടപടി. അതേസമയം ചൈനയുടെ നടപടിയില്‍ ഇന്ത്യയുടെ പ്രതികരണം ഇന്നുണ്ടായേക്കുമെന്നാണ് സൂചന.

2017 ഏപ്രിലിലും 2021 ഡിസംബറിലുമായി ഇത് മൂന്നാം തവണയാണ് ചൈന അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങളുടെ പേര് പുനര്‍നാമകരണം ചെയ്‌തെന്ന് അവകാശപ്പെടുന്നത്. സംഭവത്തെക്കുറിച്ച് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. സമീപ വര്‍ഷങ്ങളില്‍ ചൈന സ്വീകരിച്ച സമാന നടപടികളുടെ തുടര്‍ച്ചയാണ് ഇതും. പേര് മാറ്റിയുള്ള ചൈനയുടെ നടപടി ഇതിനുമുന്‍പും ചൈന നിരസിക്കുകയായിരുന്നു. അരുണാചല്‍പ്രദേശ് എന്നും ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും ഇന്ത്യ ആവര്‍ത്തിക്കുന്നു.

ചൈനയുടെ പ്രഖ്യാപനത്തോടെ ചൈനീസ് മാപ്പുകളില്‍ ‘സൗത്ത് ടിബറ്റ’നിലെ സ്ഥലങ്ങളുടെ പേരുകള്‍ പുതിയതായിരിക്കും. സ്ഥലങ്ങളുടെ പേരുകള്‍ക്കൊപ്പം ഭരണകേന്ദ്രങ്ങളുടെ വിഭാഗവും ചൈന പട്ടികപ്പെടുത്തിയിട്ടുണ്ടെന്ന് ചൈനീസ് സര്‍ക്കാരിന്റെ ടാബ്ലോയിഡ് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.